നമ്മുടെ ആരാധനയുടെ ഉള്ളടക്കം


നമ്മുടെ സുറിയാനി പിതാക്കന്മാരില്‍ നിന്നു നമുക്കു ലഭിച്ചിരിക്കുന്ന ആരാധനാക്രമങ്ങളുടെ ഉള്ളടക്കം എന്താണ് എന്നതാണ് ഇവിടെ നമ്മുടെ ചിന്താവിഷയം. ചില ഉദാഹരണങ്ങള്‍ മാത്രമേ ഇവിടെ നാം പരിഗണിക്കുന്നുള്ളൂ. ചില യാമപ്രാര്‍ഥനകള്‍, പെന്തിക്കോസ്തി, ദുഖവെള്ളി, കുര്‍ബാന, വിവാഹം എന്നിവയുടെ ആരാധനാക്രമങ്ങള്‍ മാത്രമേ നാം പരിശോധിക്കുന്നുള്ളൂ.

യാമപ്രാര്‍ഥനകള്‍
ആദ്യമായി ഒരു യാമപ്രാര്‍ഥനയുടെ ഉള്ളടക്കവും ഘടനയും പരിശോധിക്കാം. വര്‍ഷത്തിന്‍റെ പകുതി ക്യംതാ നമസ്കാരവും ബാക്കി പകുതി സ്ലീബ നമസ്കാരവുമാണ് ചൊല്ലുന്നത്. രണ്ടിലുമുള്ള പ്രഭാതനമസ്കാരം പരിശോധിക്കാം.
പ്രാര്‍ഥനകള്‍, വേദപുസ്തകവായന, കീര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാന ഉള്ളടക്കം. ഇവ ഒന്നൊന്നായി പരിശോധിക്കാം:

പ്രാര്‍ഥനകള്‍:
  1. കൌമാ 
  2. പ്രാരംഭപ്രാര്‍ഥന(സ്ലൂസോ)
  3. ആമുഖപ്രാര്‍ഥന (പ്രൊമിയോന്‍)
  4. പാപപരിഹാരപ്രാര്‍ഥന (ഹൂസോയോ)
  5. പ്രാര്‍ഥനാനിരകള്‍ (സെദറ)
  6. ധൂപപ്രാര്‍ഥന (എത്രോ)

വേദവായന:
  1. സങ്കീ. 51. ദൈവമേ നിന്‍റെ കൃപപോലെ
  2. സങ്കീ. 63. എന്‍റെ ദൈവമേ നീ
  3. സങ്കീ. 19. ആകാശങ്ങള്‍
  4. ഏശായ 42: 10-13, 45:8 കര്‍ത്താവിന് ഒരു പുതിയ പാട്ടും
  5. ലൂക്കോസ് 1:46-55 മറിയം പറഞ്ഞതെന്തെന്നാല്‍
  6. സങ്കീ. 113 പ്രകാശത്തിന്‍റെ
  7. സങ്കീ. 148 ആകാശത്തില്‍
  8. സങ്കീ. 149. കര്‍ത്താവിന് പുതിയ പാട്ടും
  9. സങ്കീ. 150. കര്‍ത്താവിനെ അവന്‍റെ
  10. മത്തായി 5: 3-12 ആത്മാവില്‍ ദരിദ്രരായവര്‍
  11. പട്ടക്കാരന്‍ ഏവന്‍ഗേലിയോന്‍ (സുവിശേഷം) വായിക്കുന്നു.
    ആകെ പതിനൊന്നു വേദഭാഗങ്ങളുണ്ട്-- ഏഴു സങ്കീര്‍ത്തനങ്ങള്‍ ഉള്‍പ്പടെ എട്ട് പഴയനിയമഭാഗങ്ങളും, എവന്‍ഗേലിയോന്‍ ഉള്‍പ്പടെ മൂന്നു പുതിയനിയമഭാഗങ്ങളും.
കീര്‍ത്തനങ്ങള്‍:

  1. മഹിമയൊടക്കബറീന്നു
  2. ദൈവമുയര്‍ത്തു
  3. മശിഹാ ജീവിച്ചെഴുന്നേറ്റു
  4. ഇന്നാല്‍ നിന്‍ കബറിങ്കല്‍
  5. താന്‍ മൃതിയാലഴകാകെ
  6. മാനോര്‍ വാനോര്‍
  7. യൂദന്മാര്‍ കുരിശില്‍
  8. നാഥാ നിന്‍ രാജ്യ
  9. അഗ്ന്യാന്മീയന്മാരീ
  10. ദൈവത്തിന്‍ പുത്രനെ
  11. നിന്നാള്‍ സ്തുതിയോട്,
  12. സ്തുതിദൈവത്തിന്നുയരത്തില്‍
  13. താതന്‍ ശ്ലോമോ
  14. ഉത്ഥാനത്താല്‍
മൊത്തം 14 കീര്‍ത്തനങ്ങള്‍, 11 വേദവായനകള്‍, 7 പ്രാര്‍ഥനകള്‍-- ഇവയാണ് ക്യംതാ പ്രഭാതപ്രാര്‍ഥനയിലുള്ളത്. ഒരു കീര്‍ത്തനം കഴിഞ്ഞാല്‍ ഒരു വേദവായന, അത് കഴിഞ്ഞു ഒരു പ്രാര്‍ഥന എന്നിങ്ങനെ കീര്‍ത്തനങ്ങളും വേദവായനകളും പ്രാര്‍ഥനകളും മാറിമാറി കൊടുത്തിരിക്കുന്നു.
അതുപോലെ, ഏഴു പ്രാര്‍ഥനകളും ഏഴു വേദവായനകളും എട്ട് കീര്‍ത്തനങ്ങളും സ്ലീബനമസ്കാരത്തില്‍ ഉണ്ട്. രണ്ടു കീര്‍ത്തങ്ങള്‍ വളരെ നീണ്ടവയാണ്. ഏതാണ്ട് നാല് വേദഭാഗങ്ങള്‍ ക്യംതയിലുള്ളത് ആവര്‍ത്തിച്ചിരിക്കുന്നു. വേദഭാഗങ്ങള്‍ മിക്കവയും ഒന്നിച്ചു കൊടുത്തിരിക്കുന്നു. അതുപോലെ കീര്‍ത്തനങ്ങള്‍ മിക്കവയും ഒന്നിച്ചു കൊടുത്തിരിക്കുന്നു.
ക്യംതാ പ്രഭാതപ്രാര്‍ഥനയുടെ വിഷയം യേശുക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. സ്ലീബാ പ്രഭാതപ്രാര്‍ഥനയുടെ വിഷയം ക്രൂശുമായി ക്രിസ്തുവിനെ അനുഗമിക്കുന്ന സഭയുടെ ജീവിതമാണ് എന്നു പറയാം. ദുഖവെള്ളിനാളിലെ പ്രഭാതപ്രാര്‍ഥനയുടെ വിഷയം ക്രിസ്തുവിന്‍റെ ക്രൂശാരോഹണമാണ്. യെല്‍ദോ പെരുനാളിലെ പ്രഭാതപ്രാര്‍ഥനയുടെ വിഷയം ക്രിസ്തുവിന്‍റെ ജനനമാണ്. ഇങ്ങനെ വിവിധ പെരുനാളുകളില്‍ സന്ദര്‍ഭമനുസരിച്ച് പ്രധാനവിഷയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു.
നമ്മുടെ വീടുകളില്‍ കൂടുന്ന ഒരു പ്രാര്‍ഥനായോഗത്തെ മനസില്‍ കാണുക. ഗാനാലാപം, വേദവായന, പ്രാര്‍ഥന, പ്രസംഗം ഇവയാണ് സാധാരണ അതിന്‍റെ ഉള്ളടക്കം. സാധാരണഗതിയില്‍ മൂന്നു പാട്ടുകള്‍, മൂന്നു വേദഭാഗങ്ങള്‍, രണ്ടോ മൂന്നോ പ്രാര്‍ഥനകള്‍, ഒരു പ്രസംഗം ഇവയാണ് ഉണ്ടാവുക. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം എടുക്കാറുണ്ട്.

നമ്മുടെ ഒരു യാമപ്രാര്‍ഥന അത്തരം ഒരു പ്രാര്‍ഥനായോഗത്തിന്‍റെ വിപുലീകരണമാണെന്ന് കാണാം. നമ്മുടെ പ്രാര്‍ഥനായോഗങ്ങളില്‍ വ്യത്യസ്തഗീതങ്ങള്‍ ചൊല്ലാനും വ്യത്യസ്ത വേദഭാഗങ്ങള്‍ വായിക്കാനും സ്വാതന്ത്ര്യമുള്ളതുപോലെ നമ്മുടെ യാമപ്രാര്‍ഥനയുടെ രൂപീകരണത്തിന്‍റെ ആദികാലത്ത് അത്തരം സ്വാതന്ത്ര്യം ഉണ്ടായിരുന്നിരിക്കണം. ഏതോ ഒരു പിതാവ് പ്രഭാതത്തില്‍ ചൊല്ലാവുന്ന ചില ഗീതങ്ങളുടെയും, വായിക്കാവുന്ന ചില വേദഭാഗങ്ങളുടെയും ചൊല്ലാവുന്ന പ്രാര്‍ഥനകളുടെയും മറ്റും ഒരു നീണ്ട ലിസ്റ്റ് ഉണ്ടാക്കിയിരിക്കണം. ആ ലിസ്റ്റില്‍ ഉള്ള പ്രാര്‍ഥനകളും, കീര്‍ത്തനങ്ങളും, വേദവായനകളുമാണ് നമ്മുടെ പ്രഭാതനമസ്കാരക്രമത്തില്‍ ഉള്ളത്.

പ്രാര്‍ഥനകളുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്ന സെദ്റ വാസ്തവത്തില്‍ ഒരു ധ്യാനമാണ്. ഇക്കാലത്ത് ഒരു പ്രാര്‍ഥനയോഗത്തില്‍ ഒരു ധ്യാനപ്രഭാഷണം നടത്തുന്നതിന് പകരമായി അക്കാലത്ത് പിതാക്കന്മാര്‍ സെദ്റ എന്ന ധ്യാനപ്രാര്‍ഥന നടത്തിയിരുന്നു എന്നു അനുമാനിക്കാം.
    പെന്തിക്കോസ്തി
    മൂന്നു പ്രത്യേക ശുശ്രൂഷകളായാണ് പെന്തിക്കോസ്തി ശുശ്രൂഷ നടത്തുന്നത്. ഓരോന്നിനും ഒടുവില്‍ ജനം മുട്ടുകുത്തിനിന്നു കുറിയേലായിസോന്‍ എന്നു പ്രാര്‍ഥിക്കുകയും, പട്ടക്കാരന്‍ അവരുടെ മേല്‍ ജലം തളിക്കുകയും ചെയ്യും. കൂടാതെ മൂന്നു ശുശ്രൂഷകളിലായി മൊത്തം 14 കീര്‍ത്തനങ്ങളും, 18 വേദവായനകളും, 19 പ്രാര്‍ഥനകളും ഉണ്ട്.
ഈ ശുശ്രൂഷകള്‍ക്ക് രൂപം നല്കിയ പിതാക്കന്മാര്‍ ഇന്ന് നാം ചെയ്യുന്നത് പോലെ ഒന്നിന് പിറകെ ഒന്നായി ഈ മൂന്നു ശുശ്രൂഷകളും ചെയ്തിരുന്നിരിക്കാന്‍ സാധ്യത കുറവാണ്. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു പരിപാടിയായിട്ടാവണം അവര്‍ അത് അന്നത്തെ ദയറാകളില്‍ ചെയ്തിരുന്നത്. ഒരു പക്ഷേ യാമപ്രാര്‍ഥനകള്‍ക്ക് പകരമായി ഈ ശുശ്രൂഷകള്‍ നടത്തിയിരുന്നിരിക്കണം.

ദുഖവെള്ളി

കീര്‍ത്തനങ്ങളും, വേദവായനകളും, പ്രാര്‍ഥനകളും ആണ് ദുഖവെള്ളിനാളിലെ നമസ്കാരത്തിന്‍റെ പ്രധാന ഉള്ളടക്കം. കൂടാതെ രണ്ടു പ്രദക്ഷിണങ്ങള്‍, രണ്ടു സ്ലീബാ ആഘോഷങ്ങള്‍, കുരിശ്മുത്ത്, കബറടക്കം ഇവയുമുണ്ട്.

നാലു യാമപ്രാര്‍ഥനകളിലും ഒരു സ്ലീബാനമസ്കാരത്തിലുമായി 52 കീര്‍ത്തനങ്ങളും, 44 വേദവായനകളും, 27 പ്രാര്‍ഥനകളും ചൊല്ലുന്നുണ്ട്.
ഓരോ നമസ്കാരത്തിന്‍റെ പ്രാരംഭത്തിലും 51-ആം സങ്കീര്‍ത്തനം കൊടുത്തിട്ടുണ്ട്. എന്നാല്‍ പ്രഭാതപ്രാര്‍ഥനയിലും സ്ലീബനമസ്കാരത്തിലും മാത്രമേ ഇത് ചൊല്ലിക്കേള്‍ക്കാറുള്ളൂ. അനാവശ്യമായ ആവര്‍ത്തനം ഒഴിവാക്കേണ്ടതാണ് എന്നു ബോധ്യമുള്ളത് കൊണ്ടായിരിക്കണം വൈദികര്‍ സാധാരണയായി ഇങ്ങനെ ചെയ്യുന്നത്.

ഓരോ നമസ്കാരവും ആരംഭിക്കുന്നതും അവസാനിക്കുന്നതും കൌമയോട് കൂടിയാണ്. എന്നാല്‍ കൌമാ ഓരോ നേരത്തും വ്യത്യസ്തമായതുകൊണ്ടു ആവര്‍ത്തനവിരസതയില്ല.

വിശുദ്ധ കുര്‍ബാന
രഹസ്യശുശ്രൂഷ, പരസ്യശുശ്രൂഷ എന്നിങ്ങനെ കുര്‍ബാനക്രമത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. രഹസ്യശുശ്രൂഷയുടെ സമയത്ത് പട്ടക്കാരന്‍ പരസ്യശുശ്രൂഷക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നു. അതുകൊണ്ട് അതിനെ ഒരുക്കശുശ്രൂഷ എന്നും പറയും.
പരസ്യശുശ്രൂഷക്ക് രണ്ടു ഭാഗങ്ങളുണ്ട്: പ്രാരംഭശുശ്രൂഷയും ബലിപീഠശുശ്രൂഷയും.
പ്രാരംഭശുശ്രൂഷ ബലിപീഠശുശ്രൂഷയ്ക്കുള്ള ഒരുക്കമാണ്. ആ സമയത്ത് നടക്കുന്നതു വേദധ്യാനം, ധൂപാര്‍പ്പണം, വിശ്വാസപ്രഖ്യാപനം എന്നിവയാണ്. ഇടയ്ക്കിടെ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യും.
ബലിപീഠശുശ്രൂഷക്ക് പല ഭാഗങ്ങളുണ്ട്:
  1. നിരപ്പിന്‍റെ ശുശ്രൂഷ – ദൈവത്തില്‍ നിന്നു സമാധാനം സ്വീകരിച്ചു, പരസ്പരം കൈസൂരി നല്കി എല്ലാവരും തമ്മില്‍ തമ്മില്‍ നിരപ്പാകുന്നു.
  2. അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്ന ശുശ്രൂഷ- ക്രിസ്തുവിനോടൊപ്പം മരണത്തിലും ഉയര്‍പ്പിലും പങ്കാളികളാകുന്ന അനുഭവം.
  3. മ്ധ്യസ്ഥപ്രാര്‍ഥന (തുബ്ദെന്‍) -- ജീവനോടിരിക്കുന്നവര്‍ക്ക് വേണ്ടിയും വാങ്ങിപ്പോയവര്‍ക്ക് വേണ്ടിയുമുള്ള പ്രാര്‍ഥന
    ലുത്തിനിയ – മധ്യസ്ഥപ്രാര്‍ഥനയുടെ മറ്റൊരു രൂപം
  4. ദൈവപുത്രത്വത്തിലേക്കുള്ള പ്രവേശനം – കര്‍ത്തൃപ്രാര്‍ഥന ചൊല്ലുന്നു. ദൈവമല്ലാതെ പരിശുദ്ധന്‍ ഇല്ല എന്നും, ദൈവം നമ്മോടു കൂടെ എന്നും പ്രഖ്യാപിക്കുന്നു.
  5. ധൂപപ്രാര്‍ഥന- ദൈവമാതാവ്, പരിശുദ്ധന്മാര്‍, പട്ടക്കാര്‍, വാങ്ങിപ്പോയവര്‍ എന്നിവരെ ഓര്‍ക്കുന്നു.
  6. അപ്പവീഞ്ഞുകളുമായി പട്ടക്കാരന്‍ പടിഞ്ഞാട്ടു വരികയും ജനം വിശുദ്ധ കുര്‍ബാന അനുഭവിക്കുകയും ചെയ്യുന്നു.
  7. കൃതജ്ഞതയും യാത്രപറച്ചിലും
      തുടക്കത്തില്‍ കുര്‍ബാനക്രമം ഇത്രയും വലുതായിരുന്നില്ല. ഉദാഹരണത്തിന്, കുര്‍ബാനയുടെ ആരംഭത്തിലുള്ള നിന്‍മാതാവ് വിശുദ്ധന്മാര്‍ എന്നു ആരംഭിക്കുന്ന മാര്‍ സേവേറിയോസിന്‍റെ മാനീസാ ആറാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആണ് കുര്‍ബാനയുടെ ഭാഗമായത്. കാരണം മാര്‍ സേവേറിയോസ് ജീവിച്ചിരുന്നത് ആറാം നൂറ്റാണ്ടിലാണ്. അതിനു മുമ്പ് കുര്‍ബാനയും കുര്‍ബാനക്രമവും ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഈ പ്രാര്‍ഥന കുര്‍ബാനയുടെ ഭാഗമായിരുന്നില്ല. ധൂപപ്രാര്‍ഥന വിശുദ്ധ കുര്‍ബാനയുടെ ഭാഗമല്ല എന്നുള്ളത് പൊതുവേ അറിയാവുന്ന വസ്തുതയാണ്. അങ്ങനെ നോക്കുമ്പോള്‍ കുര്‍ബാനക്രമം തുടക്കത്തില്‍ വളരെ ചെറുതായിരുന്നു എന്നു സംശയം കൂടാതെ പറയാനാവും. ഇപ്പൊഴും അത് വലുതായിക്കൊണ്ടിരിക്കുകയാണ്. കൂര്‍ബാനാനുഭവത്തിന് മുമ്പും പിമ്പും ഇപ്പോള്‍ ചൊല്ലിവരുന്ന പ്രാര്‍ഥനകള്‍ ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ശുശ്രൂഷക്കാരന്‍ ചൊല്ലിയിരുന്നില്ല.

      വിവാഹം
ഏതൊരു ആരാധനാക്രമത്തിലുമുള്ളത് രണ്ടായി തിരിക്കാം: ചെയ്യുന്ന കാര്യങ്ങളും പറയുന്ന കാര്യങ്ങളും. വിവാഹ ആരാധനയില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ചെയ്യുന്നത്-- മോതിരം വാഴ്ത്തലും, കിരീടം വാഴ്ത്തലും. ഇവയെ കേന്ദ്രമാക്കി രണ്ടു ക്രമങ്ങളായാണ് വിവാഹ ആരാധന ക്രമീകരിച്ചിരിക്കുന്നത്. 8 പ്രാര്‍ഥനകള്‍, ഒരു വേദവായന, 5 കീര്‍ത്തനങ്ങള്‍ ഇവയാണ് മോതിരം വാഴ്വിന്‍റെ ക്രമത്തിലുള്ളത്. കിരീടം വാഴ്വിന്‍റെ ക്രമത്തില്‍ 9 പ്രാര്‍ഥനകളും, രണ്ടു വേദവായനകളും, പന്ത്രണ്ടിലധികം കീര്‍ത്തനങ്ങളുമുണ്ട്.

ഉള്ളടക്കം 

No comments:

Post a Comment