മുന്‍കൂട്ടി ക്രമീകരിച്ച ആരാധന

ഒരു യാമപ്രാര്‍ഥന എങ്ങനെ അര്‍ഥവത്തായി നമുക്ക് ചൊല്ലാം? നമസ്കാരക്രമത്തിലുള്ളത് നമുക്ക് ഉപയോഗിക്കാവുന്ന കീര്‍ത്തനങ്ങളുടെയും, വേദവായനകളുടെയും, പ്രാര്‍ഥനകളുടെയും മാതൃകകളാണ് എന്നു മനസിലാക്കുക. സമയത്തിന്‍റെ ലഭ്യതയനുസരിച്ച്, ഓരോ പ്രാവശ്യവും ഏതെല്ലാം കീര്‍ത്തനങ്ങളും വേദവായനകളും പ്രാര്‍ഥനകളും വേണം എന്നു തീരുമാനിക്കുക. ഇതുപോലുള്ള മറ്റ് കീര്‍ത്തനങ്ങളും വേദവായനകളും പ്രാര്‍ഥനകളും ചൊല്ലാനുള്ള സ്വാതന്ത്ര്യം എടുക്കുക. ഓരോ ദിവസത്തെയും യാമപ്രാര്‍ഥന വെറും ആവര്‍ത്തനമായും യാന്ത്രികമായും അധഃപതിക്കാതെ മറ്റ് ദിവസങ്ങളിലെ യാമപ്രാര്‍ഥനയില്‍ നിന്നു വ്യത്യസ്തമാകട്ടെ. അശ്രദ്ധമായി ഉരുവിട്ടു തീര്‍ക്കുന്നതിന് പകരം പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും നമ്മുടെ ഹൃദയത്തില്‍ നിന്നു ഉയരട്ടെ.

ഇപ്പോള്‍ യാമപ്രാര്‍ഥനകള്‍ ആദിയോടന്തം നിന്നു കൊണ്ടാണ് ചൊല്ലുന്നത്. അതിന്‍റെ ആവശ്യമുണ്ടോ എന്നു ചിന്തിക്കണം. പ്രാര്‍ഥനകള്‍ നിന്നുകൊണ്ടും കീര്‍ത്തനങ്ങളും വേദവായനകളും ഇരുന്നുകൊണ്ടുമാകാം. അല്ലെങ്കില്‍ കീര്‍ത്തങ്ങള്‍ നിന്നുകൊണ്ടും വേദവായനകളും പ്രാര്‍ഥനകളും ഇരുന്നുകൊണ്ടുമാകാം. ഒരു പ്രഭാഷണം കേള്‍ക്കുവാന്‍ ആളുകള്‍ ഇരിക്കുന്നത് പോലെ, സെദ്റ എന്ന നീണ്ട ധ്യാനപ്രാര്‍ഥന ചൊല്ലുമ്പോഴും ഇരിക്കുന്നത് നല്ലതല്ലേ എന്നു ചിന്തിക്കണം. ഖൌമോ എന്ന സുറിയാനിവാക്കിന് നില്‍പ്പ് എന്നാണര്‍ഥം. അതിന്‍റെ അര്‍ഥം നിന്നു കൊണ്ട് വേണം ആ പ്രാര്‍ഥന പ്രാര്‍ഥിക്കുവാന്‍ എന്നാണെങ്കില്‍ മറ്റ് സമയങ്ങളില്‍ ഇരിക്കാം എന്നല്ലേ അര്‍ഥം?

ഒരിക്കല്‍ ഹ്യൂസ്റ്റന്‍ സെന്‍റ്. തോമസ് പള്ളിയില്‍ വച്ച് യുവജനങ്ങള്‍ ഇതേപ്പറ്റി തൃശൂരിലെ മിലിത്തിയോസ് തിരുമേനിയോട് ചോദിച്ചതു ഓര്‍ക്കുന്നു. ആരാധനയില്‍ നില്‍ക്കേണ്ടത് എപ്പോഴെല്ലാം? ഇരിക്കേണ്ടത് എപ്പോഴെല്ലാം? അദ്ദേഹം ഇപ്രകാരം മറുപടി നല്കി: ഒരാളുടെ മുമ്പില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ബഹുമാനത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതുകൊണ്ടു ദേവാലയത്തില്‍ ഇരിക്കുമ്പോള്‍ നമുക്ക് ദൈവത്തോട് ബഹുമാനമില്ല എന്നു അര്‍ഥമാക്കേണ്ടതില്ല. ഇരുന്നാലും നിന്നാലും ദൈവസന്നിധിയില്‍ ബഹുമാനത്തോടെയാണ് നാം ആയിരിക്കുന്നത്. ഏവന്‍ഗേലിയോന്‍ വായന പോലെയുള്ള പ്രധാന സന്ദര്‍ഭങ്ങളില്‍ എഴുന്നേറ്റ് നിന്നു ശ്രദ്ധിക്കുന്നതാണ് നമ്മുടെ രീതി. അങ്ങനെയെങ്കില്‍ അത്രത്തോളം പ്രാധാന്യമില്ലാത്ത മറ്റ് സന്ദര്‍ഭങ്ങളില്‍ നമുക്ക് ഇരിക്കാവുന്നതാണ്. സുപ്രധാനസമയങ്ങളില്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുന്ന രീതിയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് വളരെ ചുരുക്കമായി മാത്രം ഇരിക്കുന്ന ഒരു രീതി ഉണ്ടായിരിക്കുകയാണ്. എപ്പോഴും നിന്നാല്‍ വളരെ നല്ലത് എന്ന ധാരണയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഒരു മണിക്കൂര്‍ നേരം നടക്കുന്നതിനെക്കാള്‍ പ്രയാസകരമാണ് ഒരു മണിക്കൂര്‍ നേരം ഒറ്റ നില്‍പ്പ് നില്‍ക്കുന്നത്. നല്ല ആരോഗ്യമുള്ളവര്‍ മാത്രമേ അങ്ങനെ നില്‍ക്കാവൂ എന്നാണ് എന്‍റെ അഭിപ്രായം.

ഇത് കേട്ടപ്പോള്‍ ഞാനോര്‍ത്തു: ആരാധനയില്‍ പങ്കെടുക്കുന്ന ജനമാണ് അങ്ങനെ ഒറ്റ നില്‍പ്പ് നില്‍ക്കുന്നത്. വൈദികനും ശുശ്രൂഷകരും അങ്ങനെ ഒറ്റ നില്‍പ്പ് നില്‍ക്കുന്നില്ല. അവര്‍ നടക്കുകയും അങ്ങോട്ടുമിങ്ങോട്ടും തിരിയുകയും ഒക്കെ ചെയ്യുന്നുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ദീര്‍ഘനേരം ഒറ്റ നില്‍പ്പ് നില്‍ക്കുന്നത് അപകടകരമാണ്. വേഗത്തില്‍ വിരസത ഉണ്ടാകും എന്ന കാരണം കൊണ്ട് ദീര്‍ഘനേരം ഒരേ നില്‍പ്പ് നില്‍ക്കുവാന്‍ കുട്ടികള്‍ക്കും പ്രയാസമാണ്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടു പ്രധാനസമയങ്ങളില്‍ മാത്രം നിന്നാല്‍ മതിയാവും എന്ന പൂര്‍വികരീതിയിലേക്ക് മടങ്ങുന്നതാവും ഉചിതം.
ഓരോ യാമപ്രാര്‍ഥനയിലും ഉള്ളതെന്താണെന്ന് നാം കണ്ടു. കീര്‍ത്തനങ്ങള്‍, വേദഭാഗങ്ങള്‍, പ്രാര്‍ഥനകള്‍ -- ഈ മൂന്നു കാര്യങ്ങളാണ് നമ്മുടെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഒരു ധ്യാനപ്രഭാഷണവും ഒരു യാമപ്രാര്‍ഥനയുടെ ഭാഗമാണെന്ന് ഊഹിക്കാം. പിതാക്കന്‍മാര്‍ നമുക്ക് നല്കിയിരിക്കുന്ന മാതൃകകളായി വേണം അവയെ കാണുവാന്‍. അവരുടെ ലിസ്റ്റ് അതുപോലെ തുടരണമെന്ന് പിതാക്കന്മാര്‍ ആഗ്രഹിച്ചിട്ടില്ല. അതിലുള്ളതെല്ലാം ചൊല്ലിക്കൊള്ളണമെന്നോ അതിലുള്ളത് മാത്രമേ ചൊല്ലാവൂ എന്നോ അവര്‍ പ്രതീക്ഷിച്ചു എന്നു കരുതാന്‍ വയ്യ. പിതാക്കന്മാര്‍ നല്കിയിരിക്കുന്ന മാതൃക ഉപയോഗിച്ച് മറ്റ് കീര്‍ത്തനങ്ങളും, വേദഭാഗങ്ങളും, പ്രാര്‍ഥനകളും ഉള്‍പ്പെടുത്തി നമ്മുടെ ആരാധനാക്രമങ്ങള്‍ പരിഷ്കരിക്കാവുന്നതാണ്.

പ്രഭാതപ്രാര്‍ഥനയ്ക്ക് മുമ്പായി ഒരു വൈദികന്‍ ഇപ്രകാരം പറയുന്നതായി സങ്കല്‍പ്പിക്കുക:
സഹോദരങ്ങളെ ഇന്ന് നാം ദൈവസന്നിധിയില്‍ ധ്യാനിക്കുവാനായി മൂന്നു വേദഭാഗങ്ങളും മൂന്നു കീര്‍ത്തനങ്ങളും ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. വേദഭാഗങ്ങള്‍ ഇവയാണ്: 51-ആം സങ്കീര്‍ത്തനം, 63-ആം സങ്കീര്‍ത്തനം, കൂടാതെ ഏവന്‍ഗേലിയോന്‍. കീര്‍ത്തനങ്ങള്‍ ഇവയാണ്: മഹിമയോടക്കബറീന്നു, ദൈവമുയര്‍ത്ത്, ഇന്നാള്‍ നിന്‍ കബറിങ്കല്‍. ഇവയ്ക്കിടയില്‍ മൂന്നു പ്രാര്‍ഥനകളും ഉണ്ടാവും. ഇവയെല്ലാം നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതിന് നാം പ്രത്യേകം ശ്രദ്ധിയ്ക്കണം. നമ്മുടെ ബോധവും വിചാരവും ഹൃദയവും ദൈവസന്നിധിയില്‍ തന്നെ ആയിരിക്കണം.
ഇങ്ങനെ ഒരു മുഖവുരയോടെ, തെരഞ്ഞെടുത്ത പ്രാര്‍ഥനകളും ഗീതങ്ങളും വേദഭാഗങ്ങളും ചേര്‍ത്തു നമസ്കരിച്ചാല്‍ അത് അര്‍ഥവത്താകും. യാന്ത്രികമാകുകയില്ല. വിരസതയും തോന്നുകയില്ല.

പെന്തിക്കോസ്തിദിവസം നമ്മുടെ പിതാക്കന്‍മാര്‍ ഏതാണ്ട് ഒരു ദിവസം കൊണ്ട് ചൊല്ലിയിരുന്ന കീര്‍ത്തനങ്ങളും, വായിച്ചിരുന്ന വേദഭാഗങ്ങളും, ചൊല്ലിയിരുന്ന പ്രാര്‍ഥനകളുമാണ് ഇന്ന് നാം ഏതാണ്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് അതിശീഘ്രം ചൊല്ലിത്തീര്‍ക്കുന്നത്. ഇത്രയേറെ കീര്‍ത്തനങ്ങളും, വേദവായനകളും പ്രാര്‍ഥനകളും ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ചൊല്ലിത്തീര്‍ക്കുമ്പോള്‍ അവ നമ്മുടെ ചൂണ്ടുകളില്‍ നിന്നല്ലാതെ ഹൃദയത്തില്‍ നിന്നുയരാനുള്ള സാധ്യത കുറവാണ്. ഈ ശുശ്രൂഷാക്രമത്തിന് രൂപം നല്കിയ പിതാക്കന്മാര്‍ പരലോകത്തിലിരുന്നു കൊണ്ട് നമ്മുടെ ശുശ്രൂഷ കാണാനിടയായാല്‍ അവര്‍ക്ക് എന്താവും തോന്നുക. അവര്‍ രൂപം നല്കിയ പ്രാര്‍ഥനാക്രമങ്ങള്‍ നാമിന്ന് യാന്ത്രികമായി ഉരുവിടുന്നത് അവരെ സന്തോഷിപ്പിക്കുമോ എന്നു നാം ചിന്തിക്കേണ്ടതാണ്. ഇന്നത്തെ മാറിയ പശ്ചാത്തലത്തില്‍ നമുക്ക് പെന്തിക്കോസ്തി ശുശ്രൂഷ എങ്ങനെ അര്‍ഥവത്തായി നടത്താന്‍ സാധിയ്ക്കും എന്നു ചിന്തിക്കേണ്ടതാണ്. ഒരോ ശുശ്രൂഷയിലുമുള്ള ഏതെങ്കിലും രണ്ടു കീര്‍ത്തങ്ങളും, രണ്ടു വേദവായനകളും, രണ്ടു പ്രാര്‍ഥനകളും തെരഞ്ഞെടുത്ത് ചൊല്ലിയാല്‍ മൊത്തം 6 കീര്‍ത്തങ്ങളും, 6 വേദവായനകളും, 6 പ്രാര്‍ഥനകളും ഉണ്ടാവും. ഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് അര്‍ഥവത്തായി, ധ്യാനിച്ചുകൊണ്ടു, നമുക്ക് ഈ ശുശ്രൂഷകളില്‍ പങ്കെടുക്കാനാവും.
ദുഖവെള്ളിനാളിലെ കീര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരേ ആശയങ്ങള്‍ തന്നെ അനേക തവണ ആവര്‍ത്തിക്കുന്നതായി കാണാം. പല പിതാക്കന്മാര്‍ പല നൂറ്റാണ്ടുകള്‍ കൊണ്ട് എഴുതിയ ഗാനങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. അതുകൊണ്ടാണ് ആവര്‍ത്തനങ്ങള്‍ വരുന്നത്. ആരാധനാക്രമത്തില്‍ കൊടുത്തിരിക്കുന്ന എല്ലാ കീര്‍ത്തങ്ങളും ചൊല്ലുന്നതിന് പകരം അവയില്‍ നിന്നു തെരഞ്ഞെടുത്ത ചില കീര്‍ത്തനങ്ങള്‍ ചൊല്ലുന്നത് നന്നായിരിക്കും. ഓരോ നമസ്കാരത്തിലും അഞ്ചു കീര്‍ത്തനങ്ങള്‍ എന്നു പരിമിതപ്പെടുത്തിയാല്‍ കീര്‍ത്തനങ്ങളുടെ എണ്ണം 52-ല്‍ നിന്നു 25 ആയി കുറയ്ക്കാം. ഓരോ നമസ്കാരത്തിലും മൂന്നു വേദവായനകള്‍ എന്നു പരിമിതപ്പെടുത്തിയാല്‍ അവ 44-ല്‍ നിന്നു 15 ആയി കുറയ്ക്കാം. യാന്ത്രികമായി പുസ്തകത്തിലുള്ളതെല്ലാം ഉരുവിട്ടു തീര്‍ക്കുന്നതും തെരഞ്ഞെടുത്ത കീര്‍ത്തനങ്ങളും, വേദഭാഗങ്ങളും, പ്രാര്‍ഥനകളും അര്‍ഥവത്തായി ചൊല്ലുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ആറേഴു മണിക്കൂര്‍ നീളുന്നതാണ് നമ്മുടെ ദുഖവെള്ളിനാളിലെ ആരാധന. അത്രയും സമയം അതില്‍ ആദിയോടന്തം പങ്കെടുക്കാന്‍ പല കാരണങ്ങളാല്‍ സാധിക്കാത്തവര്‍ കാണും. അങ്ങനെയുള്ളവര്‍ വരാതിരിക്കുകയോ വളരെ താമസിച്ചു വരികയോ ചെയ്യും. അങ്ങനെയുള്ളവര്‍ക്ക് കുറ്റബോധം ഉണ്ടാക്കാതെ സ്ലീബാനമസ്കാരത്തില്‍ മാത്രം പങ്കെടുക്കത്തക്ക വിധം സൌകര്യം ചെയ്യുന്നത് നന്നായിരിക്കും. സ്ലീബാനമസ്കാരം കൃത്യമായി എപ്പോള്‍ ആരംഭിക്കുമെന്നും എപ്പോള്‍ അവസാനിക്കുമെന്നും മുന്‍കൂട്ടി പരസ്യപ്പെടുത്തുകയും ആ സമയങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം. ഇതുപോലുള്ള സംവിധാനം നമ്മുടെ മറ്റ് നീണ്ട പെരുനാളുകളിലും ഉണ്ടാകുന്നത് നല്ലതാണ്.

വിവാഹാരാധനാക്രമത്തില്‍ മൊത്തമുള്ളത് 17 പ്രാര്‍ഥനകളും, മൂന്നു വേദവായനകളും, 17 ലധികം കീര്‍ത്തനങ്ങളുമാണ്. വിവാഹസദ്യക്ക് വേണ്ടി അക്ഷമരായി കാത്തുനില്‍ക്കുന്ന ജനത്തിന്‍റെ സാന്നിധ്യത്തില്‍ ഏതാണ്ട് ഒന്നര മണിക്കൂര്‍ കൊണ്ട് വൈദികനും ശുശ്രൂഷകരും ഗായകസംഘവും ചേര്‍ന്ന് ഇതെല്ലാം ചൊല്ലിത്തീര്‍ക്കുന്നു. വിവാഹാരാധനയില്‍ ജനം അര്‍ഥവത്തായി പങ്കെടുക്കത്തക്കവണം പലതരം പരിഷ്കാരങ്ങള്‍ വരുത്താന്‍ സാധിയ്ക്കും.
  1. ആരാധനാക്രമത്തിലുള്ളത് വിവാഹാരാധനയില്‍ ചൊല്ലാവുന്ന പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമാണെന്ന് മനസിലാക്കി അവയില്‍ നിന്നു തെരഞ്ഞെടുത്ത പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ചൊല്ലുന്ന രീതി ഉണ്ടാകണം. ആരാധനാക്രമത്തിലുള്ളതെല്ലാം ഉരുവിടുന്നതാണ് ആരാധന എന്ന ധാരണ മാറണം. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും അര്‍ഥമറിഞ്ഞ് ചൊല്ലുവാന്‍ ജനത്തെ സഹായിക്കണം.
  2. ജനം ആദിയോടന്തം നില്‍ക്കുന്നതിന് പകരം ഇടയ്ക്കിടെ ഇരിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഒന്നുകില്‍ കീര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ പ്രാര്‍ഥനകള്‍ ഇരുന്നുകൊണ്ട് ആകാം.
  3. മോതിരം വാഴ്വ് വിവാഹനിശ്ചയത്തെയാണ് കുറിക്കുന്നത്. എങ്കില്‍ മോതിരം വാഴ്വിന്‍റെ ആരാധന വിവാഹനിശ്ചയത്തിന്‍റെ ദിവസം തന്നെ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
      ഇങ്ങനെ ചില ചെറിയ ഭേദഗതികളിലൂടെ ജനം മുഴുവനും അര്‍ഥവത്തായി ആരാധനയില്‍ പങ്കെടുക്കുവാന്‍ ഇടയാകുമെങ്കില്‍ അത് നല്ലതല്ലേ എന്നു സന്മനസ്സുള്ളവരെല്ലാം ചിന്തിച്ച് പോകും. യേശുതമ്പുരാന്‍ ശബത്തിനെക്കുറിച്ച് പറഞ്ഞത് പോലെ, ആരാധന മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ ആരാധനക്ക് വേണ്ടിയല്ല.

ഉള്ളടക്കം 

No comments:

Post a Comment