കുമ്പസാരം

പടിഞ്ഞാറന്‍ നാടുകളില്‍ ഇന്ന് നിലവിലിരിക്കുന്ന കൌണ്‍സിലിങ്ങ് എന്ന ചെലവേറിയ ഏര്‍പ്പാടിന് പകരമായി ആര്‍ക്കും ലഭ്യമായ, ചെലവു കുറഞ്ഞ, ഒരു കൌണ്‍സിലിങ്ങായി കുമ്പസാരത്തെ കരുതുന്നതില്‍ തെറ്റുണ്ടാവില്ല.
വന്ദ്യനായ ജേക്കബ് കുര്യന്‍ അച്ചനാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്. നന്നായി കൌണ്‍സിലിങ്ങ് കൊടുക്കുന്നതിനു പട്ടക്കാര്‍ പരിശീലനം നേടുന്നതോടൊപ്പം ഇതിന്‍റെ പ്രാധാന്യവും പ്രയോജനവും ആളുകള്‍ മനസിലാക്കുകയും വേണം. അങ്ങനെ വരുമ്പോള്‍ ക്രമേണ കൂടുതല്‍ ആളുകള്‍ കുമ്പസാരിക്കുന്ന രീതി സംജാതമാകും.
എല്ലാവരും ചെയ്യേണ്ടതായ (obligatory) ഒരു കൂദാശയായി കുമ്പസാരം കരുതപ്പെട്ടിരുന്നില്ല. അത് വേണ്ടവര്‍ക്ക് വേണ്ടപ്പോള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അത് optional ആയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് കുര്‍ബാന ഭക്ഷിക്കുന്നതിന്‍റെ ഒരു നിബന്ധനയായി കുമ്പസാരം മാറിയത് പടിഞ്ഞാറന്‍ സഭകളുടെ സ്വാധീനം കൊണ്ടാണെന്ന് അതെക്കുറിച്ച് അറിവുള്ളവര്‍ പറയുന്നു. കിഴക്കന്‍ സഭയുടെ പാരമ്പര്യത്തില്‍ അങ്ങനെയല്ലായിരുന്നത്രേ. കുര്‍ബാനയിലെ ഹൂസോയോ പ്രാര്‍ഥന (എങ്കിലോ പുണ്യമാക്കുന്നവനും-- എന്ന് തുടങ്ങുന്നത്) പാപമോചനത്തിന് വേണ്ടിയുള്ള അപേക്ഷയാണ്. വാസ്തവം അതായിരിക്കെ കുര്‍ബാന ഭക്ഷിക്കുന്നതിനു കുമ്പസാരമോ അതിന്‍റെ ഒരു ഹൃസ്വരൂപമായ ഹൂസ്സോയോ പ്രാപിക്കലോ ആവശ്യമില്ലെന്ന് അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനി അഭിപ്രായപ്പെടുന്നു.
റോമന്‍ കത്തോലിക്ക സഭയില്‍ കുമ്പസാരം കുര്‍ബാന അനുഭവിക്കുന്നതിന് ഒരു നിബന്ധനയായിരുന്നു. ആളുകള്‍ പാപങ്ങള്‍ എറ്റു പറയുന്നതു വൈദികനോടാണെന്നും പാപങ്ങള്‍ ക്ഷമിക്കുന്നത് വൈദികനാണെന്നും ഒക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ആ പശ്ചാത്തലത്തിലാണ് നവീകരണ സഭകള്‍ കുമ്പസാരം തന്നെ വേണ്ടെന്ന് വച്ചത്. ദൈവമാണ് പാപങ്ങള്‍ ക്ഷമിക്കുന്നത്, അതുകൊണ്ടു ദൈവത്തോടാണ് പാപങ്ങള്‍ എറ്റു പറയേണ്ടത് എന്നീ ധാരണകളുടെ അടിസ്ഥാനത്തിലാണ് നവീകരണ സഭകള്‍ അങ്ങനെ ചെയ്തത്. കിഴക്കന്‍ സഭകള്‍ വൈദികനെ കണ്ടത് ദൈവത്തിന് പകരമായിട്ടല്ല. പാപം ഏറ്റു പറയേണ്ടത് ദൈവത്തോടാണെന്നും പാപം ക്ഷമിക്കുന്നതു ദൈവമാണെന്നും ഉള്ള കാര്യത്തില്‍ കിഴക്കന്‍ സഭകള്‍ക്ക് മറിച്ചൊരു ധാരണ ഉണ്ടായിട്ടില്ല. അനുതപിക്കുവാനും ദൈവത്തിങ്കലേക്കു തിരിയുവാനും ഒരാളെ സഹായിക്കുകയാണ് വൈദികന്‍ ചെയ്യുന്നത്‍. അനുതപിക്കുന്ന ഒരാളോട് ദൈവം നിന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നു എന്നും വൈദികന്‍ അറിയിക്കാറുണ്ട്. നിന്‍റെ പാപങ്ങള്‍ മോചിക്കുന്നു എന്ന് വൈദികന്‍ പറഞ്ഞാലും അത് ദൈവത്തിന് പകരമായല്ല, ദൈവത്തിന്‍റെ പ്രതിനിധി എന്ന നിലയിലാണ്..
നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു ഇടവകയിലെ മാമോദീസ കൈക്കൊണ്ട എല്ലാ വിശ്വാസികള്‍ക്കും ഇടവക അംഗത്വമുണ്ട്. എന്നാല്‍ ഇടവക പൊതുയോഗ അംഗത്വത്തിനു അത് മാത്രം പോര. അവര്‍ 21 വയസ്സ് തികഞ്ഞവരായിരിക്കണം. മാത്രവുമല്ല, അവര്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുമ്പസാരിച്ചു കുര്‍ബാന അനുഭവിച്ചവരായിരിക്കണം. ഈ ആവശ്യത്തിനു വേണ്ടി ഒരു കുമ്പസ്സാര രജിസ്ടര്‍ പള്ളിയില്‍ സൂക്ഷിക്കയും വേണം. ഈ അടുത്ത കാലം വരെ അവര്‍ പുരുഷന്മാരായിരിക്കണം എന്നും നിബന്ധന ഉണ്ടായിരുന്നു. ആ നിബന്ധന എടുത്തു കളഞ്ഞതിലൂടെ നാം കാലഘട്ടത്തിനനുസരിച്ചു പുരോഗമിക്കുന്ന ഒരു സമൂഹമാണെന്നു തെളിയിച്ചിരിക്കുന്നു. അവര്‍ 21 വയസ്സ് തികഞ്ഞവരായിരിക്കണം എന്ന നിബന്ധന ന്യായമാണെന്ന് സമ്മതിക്കണം. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുമ്പസ്സാരിച്ചു കുര്‍ബാന അനുഭവിച്ചവരായിരിക്കണം എന്ന നിബന്ധന ചിലര്‍ക്കെങ്കിലും അല്പം ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കാം.
ആ നിയമത്തില്‍ കുമ്പസാരം obligatory ആണ്. മനസില്ലാമനസോടെയാണെങ്കിലും അത് ചെയ്യണമെന്ന് സഭാനിയമം നിഷ്കര്‍ഷിക്കുന്നു. ഭദ്രാസനതലത്തിലും സഭാതലത്തിലും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് ഇങ്ങനെ ഒരു നിബന്ധന ഇല്ലാതിരിക്കെ ഇടവകതലത്തില്‍ മാത്രം എന്താണ് ഈ നിയമത്തിന്‍റെ ആവശ്യവും പ്രസക്തിയും എന്ന ചോദ്യം തള്ളിക്കളയാനാവില്ല.
ഇടവകഭരണം നടത്തുന്ന വികാരിയോടു ചിലര്‍ക്കെങ്കിലും ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. അങ്ങനെയുള്ളവര്‍ക്ക് പുരോഹിതന്‍റെ മുമ്പില്‍ മുട്ടുകുത്തി ദൈവത്തോടെന്നവിധം പാപങ്ങള്‍ ഏറ്റു പറയാന്‍ വിഷമമാവും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അങ്ങനെയുള്ളവരെ കുമ്പസാരനിബന്ധന വച്ച് പൊതുയോഗത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പല ഇടവകകളിലും ഒട്ടേറെ ആളുകള്‍ ഇടവക പൊതുയോഗത്തില്‍ സംബന്ധിക്കാതെ മാറിനില്‍ക്കുന്നതിനു ഈ നിബന്ധന തടസമാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. എത്രയും കൂടുത്താല്‍ ആളുകളെ ഇടവകപ്പൊതുയോഗത്തില്‍ പങ്കെടുപ്പിക്കുകയായിരിക്കണം ലക്ഷ്യമാക്കേണ്ടത്.
ഉദയംപേരൂര്‍ സുന്നഹദോസോടു കൂടിയാവാം നമ്മുടെ നാട്ടില്‍ കുമ്പസാരം കുര്‍ബാനാനുഭവത്തിന്‍റെയും പൊതുയോഗത്തില്‍ സംബന്ധിക്കുന്നതിന്‍റെയും ഒരു നിബന്ധനയായത്. കുമ്പസാരം ആളുകള്‍ സ്വമാനസാലെ ചെയ്യേണ്ടതാണ്; ആളുകളുടെ മേല്‍ നിയമം കൊണ്ട് അടിച്ചേല്‍പ്പിക്കേണ്ടതല്ല. കുമ്പസാരം മനുഷ്യന്‍റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്; അല്ലാതെ മനുഷ്യന്‍ കുമ്പസാരത്തിന് വേണ്ടിയല്ല.
വളരെ ഔപചാരികതയോടെ ചെയ്യുന്ന ഒരു അനുഷ്ഠാനമാണ് കുമ്പസാരം. വൈദികന്‍റെ മുന്നില്‍ മുട്ടുകുത്തി ഇരിക്കുകയും മറ്റും വേണം. വൈദികനോടു ഹൃദയം തുറന്നു സംസാരിക്കുവാന്‍ ചിലക്കെങ്കിലും ഈ ഔപചാരികത (formality) തടസമാകുന്നെങ്കില്‍ അവര്‍ക്ക് വേണ്ടി കുമ്പസാരത്തിന്‍റെ ഒരു അനൌപചാരിക (informal) രൂപം പ്രയോഗത്തില്‍ വരുത്തുന്നത് നന്നായിരിക്കും. അനൌപചാരിക രൂപത്തിന് കൌണ്‍സെലിങ് എന്നു പേര് വിളിക്കാം. ഇടവകയിലെ പ്രായവും പക്വതയും ഉള്ള ചില സ്ത്രീപുരുഷന്മാരെയും കൌണ്‍സലിങ് നല്‍കുന്നതിന് ചുമതലപ്പെടുത്താവുന്നതാണ്. കൌണ്‍സലിങ് വേണ്ടവര്‍ക്ക് അത് നല്കുക, കുമ്പസാരം വേണ്ടവര്‍ക്ക് അത് നല്കുക. രണ്ടും വേണ്ടവര്‍ക്ക് രണ്ടും നല്കുക. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകള്‍ക്ക് വിട്ടുകൊടുക്കുക. ഇതൊന്നും ആരെയും അടിച്ചേല്‍പ്പിക്കാനുള്ളതല്ല .
ഗ്രന്ഥസൂചിക
കുര്യന്‍, ഫാദര്‍ ജേക്കബ്. വിശുദ്ധ കുമ്പസാരം. http://www.youtube.com/watch?v=stDPaA3X8g0&feature=related
മിലിത്തിയോസ്, യൂഹാനോന്‍ മാര്‍. വിശുദ്ധ കുര്‍ബാന അനുഭവിക്കുന്നതിന്‍റെ നിയമങ്ങള്‍. (2009) http://yuhanonmilitos.wordpress.com/2009/09/12/rules-for-receiving-holy-qurbono/

ഉള്ളടക്കം 

No comments:

Post a Comment