വിരസതാവിമുക്തമായ ആരാധന

ഒരേ യാമപ്രാര്‍ഥനകളും ഒരേ കുര്‍ബാനയും നാം ദിനം തോറും ആഴ്ചകള്‍ തോറും ആവര്‍ത്തിക്കുന്നു. ഇത് ആവര്‍ത്തനവിരസത എന്ന അപകടം ഉണ്ടാക്കും എന്നു നമ്മില്‍ പലരും ചിന്തിച്ച് പോകും. ആരാധന മാത്രമല്ല നാം ആവര്‍ത്തിക്കുന്നത്. ദിവസവും നാം ചെയ്യുന്ന ധാരാളം കാര്യങ്ങള്‍ ആവര്‍ത്തനങ്ങളാണ്. ദിവസവും നാം ഒരു പോലെ കുളിക്കുന്നു, ഒരു പോലെ പല്ല് തേക്കുന്നു, ഒരു പോലെ, ആഹാരം കഴിക്കുന്നു, ഒരുപോലെ വ്യായാമം ചെയ്യുന്നു, ഒരു പോലെയുള്ള ജോലികള്‍ ചെയ്യുന്നു, ഒരുപോലെ ഉറങ്ങുന്നു. ഇവയ്ക്കൊന്നും ആവര്‍ത്തനം നമുക്ക് വിരസത ഉണ്ടാക്കുന്നില്ല. ആരാധന മനസിന്‍റെ ശുദ്ധീകരണവും വ്യായാമവും ഒക്കെയാണെന്ന് ബോദ്ധ്യം ഉണ്ടായാല്‍ ആരാധന നമുക്ക് വിരസത ഉണ്ടാക്കേണ്ട കാര്യമില്ല.
എന്നാല്‍ ആരാധനയില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും ആ ബോദ്ധ്യം വേണ്ടപോലെ ഉണ്ടായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചു കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും ആ ബോദ്ധ്യം വേണ്ടത്ര ശക്തമായി ഉണ്ടാകും എന്നു പ്രതീക്ഷിക്കാന്‍ വയ്യ. നമ്മുടെ ആരാധന വിരസമായി തോന്നുന്നതുകൊണ്ടാണ് വിരസമല്ലാത്ത ആരാധന തേടി അവര്‍ പലപ്പോഴും മറ്റു സഭകളിലേക്ക് പോകുന്നത്. അവരെ നമ്മുടെ സഭയില്‍ തന്നെ നില നിര്‍ത്തണമെങ്കില്‍ ആരാധനയുടെ ആവര്‍ത്തനവിരസത കഴിവതും ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഉണ്ടാകേണ്ടതാണ്.
ഇതു പറയുമ്പോള്‍ എന്‍റെ ചെറുപ്പകാലമാണ് എനിക്കു ഓര്‍മ വരുന്നത്. കൊല്ലം പട്ടണത്തില്‍ നിന്നു ഏതാണ്ട് പത്തു കിലോമീറ്റര്‍ അകലെയുള്ള മുഖത്തലയാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. അവിടെയുള്ള സെന്‍റ് ജോര്‍ജ് പള്ളിയിലാണ് ഞാന്‍ പതിവായി പോയിരുന്നത്. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരിക്കല്‍ കൊല്ലം പട്ടണത്തിലുള്ള പള്ളിയില്‍ പോകാനിടയായി. അവിടുത്തെ ആരാധന മുഖത്തല പള്ളിയിലേതിനെക്കാള്‍ ഇമ്പകരമാണെന്ന്‍ ഞാന്‍ തിരിച്ചറിഞ്ഞു. മുഖത്തല പള്ളിയില്‍ ഗായകസംഘം ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് കൊല്ലം അരമനപ്പള്ളിയിലെ ഗാനാലാപനവും മറ്റും വളരെ ആകര്‍ഷകമായി തോന്നിയതില്‍ അതിശയമില്ല. ഇനിയും അവിടെ പോകണമെന്നുള്ള ശക്തിയായ ആഗ്രഹം എന്നിലുണ്ടായി.
നമ്മുടെ ആരാധനാക്രമങ്ങള്‍ ഉണ്ടാക്കിയ പിതാക്കന്മാര്‍ ആവര്‍ത്തനവിരസതയുടെ അപകടത്തെക്കുറിച്ച് അവബോധമുള്ളവരായിരുന്നു എന്നു വേണം കരുതാന്‍. അതുകൊണ്ടാണല്ലോ അവര്‍ വിശുദ്ധ യാക്കോബിന്‍റെ തക്സ കൊണ്ട് തൃപ്തിപ്പെട്ടിരിക്കാതെ അവരവരുടെ ഭാഷസംസ്കാരങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ ധാരാളം കുര്‍ബാന തക്സാകളും വിവിധ സന്ദര്‍ഭങ്ങള്‍ക്കുവേണ്ടി വ്യത്യസ്തങ്ങളായ ആരാധനാക്രമങ്ങളും രചിച്ചത്. പൌരാണിക ക്രൈസ്തവസഭകളിലുണ്ടായ ആരാധനാക്രമങ്ങളെക്കുറിച്ചു അഭിവന്ദ്യ പൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നടത്തിയിട്ടുള്ള വിവരണവും താരതമ്യപഠനവും കാണാനിടയായിട്ടുണ്ട്.
ഒരേ ഗാനം തന്നെ എട്ട് വിവിധരീതികളില്‍ ആലപിക്കുന്ന രീതി പൌരാണിക സഭയില്‍ വികസിപ്പിച്ചതും ആവര്‍ത്തനവിരസത കഴിവതും ഒഴിവാക്കാനായിരുന്നിരിക്കണം. അവരുടെ മാതൃക പിന്തുടര്‍ന്നു ഏതെല്ലാം വിധത്തില്‍ നമ്മുടെ ആരാധനയെ വിരസതാവിമുക്തം ആക്കാം എന്നു ചിന്തിക്കേണ്ടതാണ്.
ഇക്കഴിഞ്ഞ നാല്പതു വര്‍ഷങ്ങളില്‍ നമ്മുടെ മിക്ക ദേവാലയങ്ങളിലും നല്ല ഗായകസംഘങ്ങളുണ്ടായി. ഇതിന് നമ്മുടെ ശ്രുതി ലിറ്റര്‍ജിക്കല്‍ മ്യൂസിക് സ്കൂള്‍ നേതൃത്വം നല്കി. ശ്രുതിമധുരമായ ഗാനാലാപം വിരസതയെ കുറേയൊക്കെ അകറ്റി നിര്‍ത്തും. ഏകാഗ്രതയോടെ ആരാധനയില്‍ സംബന്ധിക്കുന്നതിന് ശ്രുതിമധുരമായ സംഗീതം വളരെ സഹായിക്കും. യഹൂദമതത്തില്‍ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ശ്രുതിമധുരമായ സംഗീതം ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും ആരാധനയുടെ ഭാഗമായിരുന്നു എന്നു പഴയനിയമം ശ്രദ്ധയോടെ വായിച്ചാല്‍ മനസിലാക്കാം. എത്യോപ്പിയയിലെ ഓര്‍ത്തോഡോക്സ് സഭയില്‍ ആരാധനയുടെ ഭാഗമായി പുരോഹിതന്മാര്‍ നൃത്തം ചെയ്യുന്നതു നേരിട്ടു കാണുവാന്‍ ഈ എഴുത്തുകാരന് ഇടയായിട്ടുണ്ട്. 1984--92 കാലയളവില്‍ ഒരു സ്കൂള്‍ അദ്ധ്യാപകനായി എത്യോപ്യയില്‍ കഴിഞ്ഞ നാളുകളിലായിരുന്നു അത്. ആരാധനയില്‍ സംഗീതോപകരങ്ങളുടെ അകമ്പടിയോടെ ഗാനാലാപം നടത്തുന്നതിനെപ്പറ്റി ബഹുമാനപ്പെട്ട തോമസ് പിറവം പ്രൌഢമായ ഒരു പഠനം നടത്തിയിട്ടുണ്ട്.
നമ്മുടെ യാമപ്രാര്‍ഥനകള്‍ ക്യംത, സ്ലീബ എന്നിങ്ങനെ രണ്ടു തരമുണ്ട്. കൂടാതെ പ്രത്യേക പെരുന്നാള്‍ ദിവസങ്ങളില്‍ പ്രത്യേക യാമപ്രാര്‍ഥനകളുണ്ട്. നമ്മുടെ ആരാധനാക്രമത്തില്‍ മിക്ക ഗാനങ്ങള്‍ക്കും choices കൊടുത്തിട്ടുണ്ട്. വെളിവു നിറഞ്ഞൊരീശോ എന്ന ഗാനത്തിന് പകരം ധന്യേ മാതാവേ എന്ന ഗാനം, യജമാനന്‍ വരുമന്നേരത്തു എന്ന ഗാനത്തിന് പകരം നിബിയന്‍മാരും എന്ന ഗാനം തുടങ്ങിയവ ഉദാഹരണം. ഇങ്ങനെ പല ഗാനങ്ങള്‍ ചൊല്ലാനുള്ള സ്വാതന്ത്ര്യം ഉള്ളപ്പോള്‍ ആ സ്വാതന്ത്ര്യം ഉപയോഗിക്കുകയും വ്യത്യസ്തങ്ങളായ ഗാനങ്ങള്‍ വ്യത്യസ്തങ്ങളായ രീതികളില്‍ ചൊല്ലുകയും വേണം.
കേരളത്തില്‍ ആരാധനയുടെ ഭാഷ മലയാളമാണ്. കേരളത്തിന് വെളിയില്‍ മലയാളത്തോടൊപ്പം ഹിന്ദിയും ഇംഗ്ലീഷും തമിഴും കൊങ്കണിയും മറ്റും ഉപയോഗിക്കുന്നുണ്ട്. കേരളത്തിനുള്ളിലും അല്പം ഇംഗ്ലിഷും ഹിന്ദിയും തമിഴും മറ്റും ആരാധനയ്ക്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കും എന്നു എനിക്കു അഭിപ്രായമുണ്ട്. കേരളത്തില്‍ ഇംഗ്ലിഷും ഹിന്ദിയും ദ്വിതീയ ഭാഷകളാണ്. നമ്മുടെ കുട്ടികള്‍ ഈ ഭാഷകള്‍ സ്കൂളില്‍ പഠിക്കുകയും കുറേയൊക്കെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് ദേവാലയത്തിലും ഈ ഭാഷകള്‍ ഉപയോഗിക്കുവാന്‍ അവസരം ഉണ്ടാകുന്നത് നല്ലതാണ്. ഉദാഹരണത്തിന് കര്‍ത്തൃപ്രാര്‍ഥന ഇംഗ്ലീഷിലും ഹിന്ദിയിലും ഒക്കെ ചൊല്ലാന്‍ കഴിയുന്നത് നല്ലതാണ്. അത് എല്ലാവരും പഠിച്ചു കഴിയുമ്പോള്‍ ഒരു കൌമാ മുഴുവനും ഈ ഭാഷകളില്‍ ചൊല്ലാന്‍ ശ്രമിക്കാം. ഇപ്പോള്‍ തന്നെ കുറച്ചു സുറിയാനി ആരാധനയില്‍ ഉപയോഗിക്കുന്നുണ്ട്. ബദ്മൊര്‍ ദുകറോനോത്തോ, കുറുബോനെ ബസലാവോസോ തുടങ്ങിയ ചില ചെറിയ ഗീതങ്ങള്‍ ആലപിക്കാറുണ്ട്. ആമ്മീന്‍, ബാറക്‍മോര്‍ തുടങ്ങിയ ചില പ്രയോഗങ്ങള്‍ സുറിയാനിയില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ വെറും ശബ്ദങ്ങളായി അവശേഷിക്കാതെ, വാക്കുകളുടെ അര്‍ഥം അറിഞ്ഞു ഒരു ഭാഷ എന്ന നിലയില്‍ തന്നെ ചൊല്ലാന്‍ നമുക്ക് സാധിക്കണം. ഇത് വിരസതയെ അകറ്റി നിര്‍ത്തുന്നതിന് വളരെ സഹായമാകും.
ഇങ്ങനെ ഭാഷയിലും സംഗീതത്തിലും മറ്റും ഉള്ള വൈവിധ്യം ഉപയോഗിച്ച് വിരസതയെ കഴിവതും ആരാധനയില്‍ നിന്നു അകറ്റി നിര്‍ത്താനുള്ള ആത്മാര്‍ഥമായ ശ്രമം പട്ടക്കാര്‍, ശുശ്രൂഷകര്‍, ഗായകസംഘം എന്നിങ്ങനെ ആരാധനയ്ക്ക് നേതൃത്വം നല്‍കുന്ന എല്ലാവരില്‍ നിന്നും ഉണ്ടാകണം.
ആരാധനയില്‍ എല്ലാവരും അര്‍ഥവത്തായി പങ്കെടുക്കുന്നതിന് ആരാധനയുടെ തുടക്കത്തിലുള്ള ഒരു announcement സഹായിക്കും. ഉദാഹരണത്തിന് വിശുദ്ധ കുര്‍ബാനയുടെ തുടക്കത്തില്‍ വൈദികന്‍ പടിഞ്ഞാട്ടു തിരിഞ്ഞു അന്നത്തെ ദിവസത്തിന്‍റെ പ്രതേകത എന്താണെന്നും അന്ന് വായിക്കുന്ന വേദഭാഗങ്ങള്‍, ചൊല്ലുന്ന പ്രതേക ഗീതങ്ങള്‍, എന്നിവ ഏതൊക്കെയാണെന്നും അന്ന് നടക്കുന്ന പരിപാടികള്‍ എന്തൊക്കെയാണെന്നും ചുരുക്കി പറയുന്നതു നന്നായിരിക്കും. അന്നത്തെ ആരാധനയിലെ ഏതെങ്കിലും ഒരു ഗാനത്തിന്‍റെയോ പ്രാര്‍ഥനയുടെയോ അനുഷ്ഠാനത്തിന്‍റെയോ പ്രസക്തിയെപ്പറ്റി ചുരുക്കത്തില്‍ ഓര്‍മിപ്പിക്കുന്നതും നന്നായിരിക്കും. എല്ലാവരും പുസ്തകം ഉപയോഗിക്കണമെന്നും, ഭയഭക്തിബഹുമാനങ്ങളോടെ ആരാധനയില്‍ സംബന്ധിക്കണമെന്നും, വാതില്‍ മറഞ്ഞു നില്‍ക്കരുതെന്നും, തുടങ്ങി ആരാധനയുടെ നടത്തിപ്പിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ജനത്തെ ഓര്‍മിപ്പിക്കാന്‍ ഈ സമയം ഉപയോഗിക്കാം. വിവാഹം, മാമോദീസ, ശവസംസ്കാരം തുടങ്ങിയ അനുഷ്ഠാനങ്ങള്‍, പെരുനാളുകള്‍ ഇവക്ക് മുമ്പായി ഇത്തരം ഒരു announcement വളരെ അത്യാവശ്യമാണ്.
ഇപ്പോള്‍ മിക്ക ദേവാലയങ്ങളിലും അന്നത്തെ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി വൈദികന്‍ പറയുന്നതു കുര്‍ബാനയുടെ ഒടുവില്‍ പ്രസംഗിക്കുമ്പോഴോ അറിയിപ്പുകള്‍ നല്‍കുമ്പോഴോ ആണ്. ആ സമയത്ത് അതിനെപ്പറ്റി പറഞ്ഞിട്ടു പ്രത്യേകിച്ചു പറയത്തക്ക പ്രയോജനം ഒന്നും ഇല്ല. ആ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങള്‍ അറിയേണ്ടത് അന്നത്തെ ആരാധനയുടെ തുടക്കത്തിലാണ്. അങ്ങനെ ചെയ്താല്‍ അത് മനസില്‍ വച്ച് കൊണ്ട് ആളുകള്‍ക്ക് അര്‍ഥവത്തായി ആരാധനയില്‍ സംബന്ധിക്കുവാന്‍ സാധിയ്ക്കും. അന്നത്തെ ദിവസത്തെപ്പറ്റിയുള്ള അറിയിപ്പൊന്നുമില്ലാതെ വിശുദ്ധ കുര്‍ബാന ആരംഭിച്ചാല്‍ അത് ആഴ്ചതോറും ആവര്‍ത്തിക്കുന്ന വിരസമായ ഒരു പരിപാടിയായേ മിക്കവര്‍ക്കും തോന്നൂ.
പഴയനിയമവായനക്കു മുമ്പായി വൈദികന്‍ ജനത്തിന്‍റെ നേരെ തിരിഞ്ഞു ഇങ്ങനെ ഒരു announcement (അറിയിപ്പ്) നല്കുന്നു എന്നു സങ്കല്‍പ്പിക്കുക:
പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ മനോഹരമായ പ്രഭാതത്തില്‍ വിശുദ്ധ ആരാധനയില്‍ സംബന്ധിക്കുവാന്‍ ഒരുങ്ങി വന്നിരിക്കുന്ന നിങ്ങളെയെല്ലാം സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് കൂദോശ് ഈത്തോ ഞായറാഴ്ചയാണ്-- സഭയുടെ ശുദ്ധീകരണത്തിന്‍റെ ദിവസം. ഇന്ന് നാം വായിക്കുന്ന വേദഭാഗങ്ങളും ആലപിക്കുന്ന ഗീതങ്ങളും ചൊല്ലുന്ന പ്രാര്‍ഥനകളും സഭയുടെ ശുദ്ധീകരണത്തെക്കുറിച്ചാണ്. ചുങ്കക്കാരന്‍ അനുതാപത്തോടെ ദൈവസന്നിധിയില്‍ എത്തിയ പോലെ നമുക്ക് ഒരുമനസ്സോടെ അനുതാപത്തോടെ ദൈവസന്നിധിയില്‍ നില്‍ക്കാം. ദൈവംതമ്പുരാന്‍ നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കട്ടെ. സഭാഗാത്രത്തില്‍ നിലവിലിരിക്കുന്ന അശുദ്ധികളെയെല്ലാം നീക്കി സന്തോഷവും സമാധാനവും സ്നേഹവും കളിയാടുന്ന സഭ ഉണ്ടാകുവാന്‍ നമുക്ക് പ്രാര്‍ഥിക്കാം. ഇന്ന് നാം ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ പട്ടിണിയാലും രോഗങ്ങളാലും മറ്റ് പല കാരണങ്ങളാലും വലയുന്ന നമ്മുടെ സഹജീവികളെ നമുക്ക് ഓര്‍ക്കാം.
ഇങ്ങനെ ഒരു announcement നടത്തുന്നതിന് ഒരു മിനിറ്റില്‍ കൂടതല്‍ വേണമെന്ന് തോന്നുന്നില്ല. എന്നാല്‍ ഈ ഒരു മിനിറ്റ് അന്നത്തെ ആരാധനയുടെ ഗതിയെ മുഴുവന്‍ നിയന്ത്രിക്കുന്ന വിലയേറിയ ഒരു മിനിറ്റാണ്. ഒരിക്കല്‍ മൈലപ്ര ദയറായിലെ പോള്‍ റമ്പാച്ചന്‍ കുര്‍ബാനയ്ക്ക് മുമ്പായി ഇത്തരം ഒരു announcement നടത്തിയതായി ഓര്‍ക്കുന്നു.
വൈദികന്‍ ഏവന്‍ഗേലിയോന്‍ വായിച്ചാലുടന്‍ തന്നെ അതിന്‍റെ പ്രാധാന്യത്തെപ്പറ്റി അഞ്ചു മിനിറ്റ് നേരം നന്നായി തയാറാക്കിയ ഒരു പ്രഭാഷണം നടത്തുന്നത് നല്ലതാണ്. വൈദികന്‍ പറയുന്ന കാര്യങ്ങള്‍ മനസില്‍ വച്ച് കൊണ്ട് ആളുകള്‍ക്ക് ബോധപൂര്‍വം ആരാധനയില്‍ പങ്കെടുക്കുന്നതിന് ഇത് സഹായിക്കും.
ഒരു ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചപ്പോള്‍ എന്നെ വളരെ സന്തോഷിപ്പിച്ച ഒരു കാര്യം ഇവിടെ പങ്കു വയ്ക്കുന്നു.
ശുശ്രൂഷക്കാരന്‍ ഒന്നാം തുബ്ദേന്‍ ചൊല്ലിക്കഴിഞ്ഞു. ഇനി അടുത്തത് ക്രമപ്രകാരം വൈദികന്‍റെ പ്രാര്‍ഥനയാണ്. എന്നാല്‍ പ്രാര്‍ഥന ചൊല്ലുന്നതിനു പകരം വൈദികന്‍ ജനത്തോടു സംസാരിക്കുകയാണ്.
പ്രിയമുള്ളവരേ, നമുക്ക് നമ്മുടെ ചുറ്റുപാടുമുള്ള പല പ്രകാരത്തില്‍ വേദന അനുഭവിക്കുന്ന നമ്മുടെ സഹജീവികളെ ഈ സമയത്ത് ഓര്‍ക്കാം. രോഗങ്ങളാലും ദാരിദ്ര്യത്താലും കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം.
ഇപ്രകാരം പറഞ്ഞ ശേഷം വൈദികന്‍ ക്രമപ്രകാരമുള്ള പ്രാര്‍ഥന ചൊല്ലി-- രണ്ടാം തുബ്ദേന്‍ ചൊല്ലുന്നതിനു മുമ്പുള്ള വൈദികന്‍റെ പ്രാര്‍ഥന. അത് രോഗങ്ങളാലും ദാരിദ്ര്യത്താലും വേദനിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
എനിക്ക് വളരെ സന്തോഷം തോന്നി. വൈദികന്‍ പുസ്തകത്തിലുള്ള പ്രാര്‍ഥനകള്‍ വെറുതെ ഉരുവിടുകയല്ല, മറിച്ചു അര്‍ഥം അറിഞ്ഞു പ്രാര്‍ഥിക്കുകയാണ് എന്ന് ഇത് എന്നെ ബോധ്യപ്പെടുത്തി. കൂടുതല്‍ അര്‍ത്ഥവത്തായും ബോധപൂര്‍വവും ആരാധനയില്‍ പങ്കെടുക്കുവാന്‍ ഇത് എന്നെ സഹായിക്കുന്നു എന്നും ഞാന്‍ മനസിലാക്കി.
ഇത് പോലുള്ള മറ്റൊരു സംഭവവും എന്‍റെ ഓര്‍മയിലെത്തുന്നു. ഒരു വിവാഹകൂദാശയില്‍ സംബന്ധിച്ചപ്പോഴായിരുന്നു അത്. മോതിരം വാഴ്വിന്‍റെ ശുശ്രൂഷ കഴിഞ്ഞു കിരീടം വാഴ്വിന്‍റെ ശുശ്രൂഷ ആരഭിക്കുന്നതിന് മുമ്പായി വൈദികന്‍ ജനത്തോട് പറഞ്ഞു:
സഹോദരങ്ങളെ, പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഈ ദമ്പതിമാര്‍ക്ക് വേണ്ടി നമുക്ക് ഒരു നിമിഷം മൌനമായി പ്രാര്‍ഥിക്കാം.
ലിഖിതമായ ആരാധനക്രമം ഉപയോഗിക്കാത്ത സഭകളില്‍ പെട്ടവര്‍ക്ക് ഇതില്‍ വലിയ പുതുമയൊന്നും കാണുകയില്ല. എന്നാല്‍ വ്യവസ്ഥാപിതമായ ലിഖിത ആരാധനക്രമം ഉപയോഗിക്കുന്ന പൌരാണിക സഭകളില്‍ ഇത് വളരെ അപൂര്‍വമാണ്. പുസ്തകത്തിലുള്ളതെല്ലാം വള്ളിപുള്ളി വിടാതെ ചൊല്ലിത്തീര്‍ക്കുന്നതും പുസ്തകത്തില്‍ ഇല്ലാത്തതൊന്നും ചൊല്ലാതിരിക്കുന്നതുമാണ് സാധാരണ പൌരാണിക സഭകളിലെ രീതി. ഏതാണ്ട് പതിനഞ്ചു നൂറ്റാണ്ടുകളായി ചൊല്ലുന്ന പ്രാര്‍ഥനകളും ഗാനങ്ങളും അടങ്ങിയ ആരാധനയില്‍ സംബന്ധിക്കുമ്പോള്‍ അതില്‍ ആദിയോടന്തം ശ്രദ്ധ കേന്ദ്രികരിക്കുന്നത് എളുപ്പമല്ല. അര്‍ഥം ഉള്‍ക്കൊള്ളാതെ വെറുതെ വാക്കുകള്‍ ഉരുവിട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയാണ് ഒരു വൈദികന്‍റെ സര്‍ഗാത്മകത നമ്മെ വിരസതയില്‍ നിന്നും അര്‍ഥരാഹിത്യത്തില്‍ നിന്നും രക്ഷിക്കുന്നത്. ആരാധനക്രമത്തിലില്ലാത്ത ഒന്നോ രണ്ടോ വാചകങ്ങള്‍ പുരോഹിതന്‍ ഉള്‍പ്പെടുത്തുന്നത് ആരാധനയില്‍ അര്‍ഥവത്തായി പങ്കെടുക്കുവാന്‍ വളരെ സഹായകമാകുന്നു.

ഗ്രന്ഥസൂചിക
പിറവം, തോമസ് (2014). ബൈബിളിലെ സംഗീതോപകരണങ്ങള്‍. http://marthoman.tv/wp-content/uploads/2014/11/Musical-Instruments.pmd_.pdf


ഉള്ളടക്കം 

No comments:

Post a Comment