പൂര്‍വികരുടെ ആരാധനാസംസ്കാരത്തില്‍ നിന്നുള്ള നമ്മുടെ വ്യതിചലനം

നാല്, അഞ്ച്, ആറ്, ഏഴ് എന്നീ നൂറ്റാണ്ടുകളില്‍ നിലവിലിരുന്ന സുറിയാനിക്രൈസ്തവസംസ്കാരം രൂപം നല്‍കിയ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമടങ്ങിയ ആരാധനാക്രമങ്ങള്‍ അന്നുമുതല്‍ ഇന്നോളം ലോകമെങ്ങുമുള്ള സുറിയാനിക്രിസ്ത്യാനികള്‍ ചൊല്ലിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കു ബാര്‍ എബ്രായ നടത്തിയ ചില പരിഷ്കാരങ്ങളൊഴിച്ചാല്‍, പൂര്‍വികര്‍ രചിച്ച പ്രാര്‍ഥനകളും ഗാനങ്ങളും അതേപോലെ ചൊല്ലുകയല്ലാതെ പുതുതായി എന്തെങ്കിലും രചിക്കാനുള്ള അറിവും കഴിവും ഇല്ലാതെ വന്നു. ആരാധന എന്നാല്‍ എന്താണ്, എന്തിന് വേണ്ടിയാണ് നാം ആരാധിക്കുന്നത്, അതിനു നമ്മുടെ ജീവിതത്തിലുള്ള പ്രസക്തി എന്താണ് എന്നീ അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ നമുക്ക് അറിവില്ലാതെ പോയി. അന്ന് വിരചിതമായ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമാണ് ഇന്നും നമ്മുടെ കേരളക്കരയിലെ സുറിയാനി പാരമ്പര്യം പുലര്‍ത്തുന്ന ക്രിസ്ത്യാനികളും ചൊല്ലി വരുന്നത്. ഏതാണ്ട് 70 വര്‍ഷങ്ങള്‍ മുമ്പു വരെ സുറിയാനിയില്‍ തന്നെയായിരുന്നു അവ നാം ചൊല്ലിയിരുന്നത്. അടുത്ത കാലത്താണ് മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കുമൊക്കെ മൊഴിമാറ്റം നടത്തിയത്.
ഇന്നത്തെ ആശ്രമങ്ങളിലും സെമിനാരികളിലും അന്നത്തെ യാമപ്രാര്‍ഥനകള്‍ വള്ളിപുള്ളി വിടാതെ ചൊല്ലാന്‍ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ പ്രാര്‍ഥനകള്‍ അന്നത്തെപ്പോലെ ഏഴു യാമങ്ങളിലല്ല. ഏഴു യാമങ്ങളിലെ പ്രാര്‍ഥനകള്‍ രണ്ടോ മൂന്നോ നേരം കൊണ്ട് ചൊല്ലുകയാണ് ഇപ്പോഴത്തെ രീതി.
പ്രാര്‍ഥന ഏഴു യാമങ്ങളിലായി നടത്താമെങ്കിലും സൌകര്യത്തെപ്രതി സാധാരണയായി അവയെല്ലാം കൂടി രണ്ടു യാമങ്ങളിലായും, വലിയ നോമ്പിലും, മൂന്നു നോമ്പിലും, കഷ്ടാനുഭവാഴ്ചയിലും മൂന്നു യാമങ്ങളിലായും നടത്തി വരുന്ന പതിവാണ് സഭ അവലംബിച്ചിരിക്കുന്നത്. (മാര്‍ സേവേറിയോസ്: ശുശ്രൂഷസംവിധാനസഹായി പേജ്. 18.)
പാതിരാത്രി, പ്രഭാതം, മൂന്നാം മണി, ആറാം മണി ഇവയെല്ലാം ഒരുമിച്ച് പ്രഭാതത്തില്‍ ചൊല്ലുന്നു. ഒന്‍പതാം മണി, സന്ധ്യ, സൂത്താറ ഇവയെല്ലാം ഒരുമിച്ച് സന്ധ്യക്ക്. എന്നാണ് ഇങ്ങനെ ഏഴു നേരത്തെ പ്രാര്‍ഥനകള്‍ രണ്ടു നേരമായി ചൊല്ലുന്ന രീതി നടപ്പില്‍ വന്നത് എന്ന് അറിവില്ല. ആരാണ് ഈ രീതി നടപ്പില്‍ വരുത്തിയതെന്നും അറിഞ്ഞുകൂടാ.
നാലാം നൂറ്റാണ്ടിലെ സന്യാസിമാര്‍ ഏഴു നേരം കൊണ്ട് പ്രാര്‍ഥിച്ചിരുന്ന പ്രാര്‍ഥനകള്‍ നാം ഇന്ന് മൂന്നു നേരം കൊണ്ട് ചൊല്ലിത്തീര്‍ത്താല്‍ അതിനു ഏഴ് നേരത്തിന്‍റെ ഫലം ഉണ്ടാകുമോ? മൂന്നു നേരമായി കഴിക്കേണ്ട ആഹാരം ഒന്നിച്ചു കഴിച്ചാല്‍ അതിനു മൂന്നു നേരത്തിന്‍റെ ഫലം ഉണ്ടാകുമോ? മൂന്നു ദിവസത്തെ കുളി ഒന്നിച്ചു കുളിച്ചാല്‍ ഫലം ഒന്നു തന്നെയാണോ? മൂന്നു നേരമായി കഴിക്കേണ്ട മരുന്ന് ഒന്നിച്ചു കഴിച്ചാല്‍ ഫലം ഒന്നു തന്നെയാണോ?
മാതാപിതാക്കന്മാരുടെ അടുക്കല്‍ നിന്നു അകലെ ജോലിക്കു പോയിരിക്കുന്ന ഒരു മകനാണ് നിങ്ങളെന്ന് സങ്കല്‍പ്പിക്കുക. ദിവസവും ഒരു പ്രാവശ്യം മാതാപിതാക്കന്മാരെ ഫോണില്‍ വിളിക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ട്. അടുത്ത മൂന്നു ദിവസത്തേക്കു എന്തോ കാരണവശാല്‍ ഫോണ്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിങ്ങള്‍ എന്തു ചെയ്യും? ഇന്ന് ഫോണ്‍ ചെയ്യുമ്പോള്‍ അക്കാര്യം പറയും, മാത്രമല്ല സാധാരണയെക്കാള്‍ അല്പനേരം കൂടി സംസാരിച്ചെന്നിരിക്കും. അല്ലാതെ മൂന്നു ദിവസത്തെ ഫോണ്‍ വിളികള്‍ ഒന്നിന് പിറകെ ഒന്നായി നടത്താന്‍ നിങ്ങള്‍ തുനിയുകയില്ല. അതായത് റിങ്ങ് ചെയ്യുന്നു, ഹലോ പറയുന്നു, വിശേഷങ്ങള്‍ പറയുന്നു, ഗുഡ്ബൈ പറയുന്നു, ഫോണ്‍ വയ്ക്കുന്നു. ഇതാണ് ഒരു ഫോണ്‍ വിളി. ഇതുപോലെ മൂന്നു ദിവസത്തെ ഫോണ്‍ വിളികള്‍ ഒന്നിന് പിറകെ ഒന്നായി സാമാന്യബുദ്ധിയുള്ള ആരും ചെയ്യുകയില്ല. അത് യാന്ത്രികമാണ്.
ഒരു മകന്‍ അകലെയുള്ള മാതാപിതാക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നതുപോലെയാണ് നാം സ്വര്‍ഗസ്ഥനായ പിതാവിനോടു പ്രാര്‍ഥിക്കുന്നത്. ഓരോ ഫോണ്‍ വിളികളും ഹലോ പറഞ്ഞു ആരംഭിക്കുകയും ഗുഡ്ബൈ പറഞ്ഞു അവസാനിപ്പിക്കുകയും ചെയ്യുന്നത് പോലെ ഓരോ യാമപ്രാര്‍ഥനയും ഒരു കൌമായില്‍ ആരംഭിക്കുന്നു, ഒരു കൌമായില്‍ അവസാനിക്കുന്നു. വേദധ്യാനം, കീര്‍ത്തനങ്ങള്‍, മധ്യസ്ഥപ്രാര്‍ഥന എന്നിവ ഇടയ്ക്കുണ്ടാവും. വിശുദ്ധ കുര്‍ബാനയുള്ള ദിവസങ്ങളില്‍ മൂന്നു നേരത്തെ യാമപ്രാര്‍ഥനകള്‍ ഒന്നിന് പിറകെ ഒന്നായി ചൊല്ലിയ ശേഷമാണ് നാം കുര്‍ബാനയിലേക്ക് കടക്കുന്നത്. അഞ്ച് തവണ നാം കൌമാ ആവര്‍ത്തിക്കുന്നു. ഇത് എത്ര യാന്ത്രികമാണ് എന്ന കാര്യം നമ്മുടെ ശ്രധയില്‍പ്പെട്ടിട്ടുണ്ടോ?
ചില ദിവസങ്ങളില്‍ ഏഴിന് പകരം ഒന്‍പതു നേരത്തെ പ്രാര്‍ഥനകള്‍ നാം ചൊല്ലാറുണ്ട്. വിശുദ്ധ കുര്‍ബാനയുള്ള ദിവസങ്ങളില്‍ കുര്‍ബാനയ്ക്കു മുമ്പായി ഉച്ചനമസ്കാരം വരെ ചൊല്ലാറുണ്ട്. അതിനു ശേഷം ഉച്ചയാകുമ്പോള്‍ മറ്റൊരു ഉച്ചനമസ്കാരം കൂടി ചൊല്ലുന്നു. അതുപോലെ സന്ധ്യാനമസ്കാരത്തോടൊപ്പം സൂത്താറാനമസ്കാരം കൂടി ചൊല്ലിയാലും ഉറങ്ങാന്‍ പോകുന്നതിനു മുമ്പായി വീണ്ടും മറ്റൊരു സൂത്താറാ (ശയനനമസ്കാരം) ചൊല്ലുന്ന രീതിയുണ്ട്. ഓരോ യാമത്തിലും ഓരോ പ്രാര്‍ഥന എന്ന കണക്കിലാണ് പിതാക്കന്മാര്‍ ഏഴു നേരത്തെ പ്രാര്‍ഥന സ്ഥാപിച്ചത്. അതോടൊപ്പം രണ്ടു നേരത്തെ പ്രാര്‍ഥനകള്‍ നാം കൂട്ടിയതിന് എന്തു ന്യായമാണ് നമുക്കുള്ളത്?
ജീവനുള്ള ദൈവത്തിന്‍റെ മുമ്പാകെയാണ് നാം നില്‍ക്കുന്നത് എന്ന ബോധ്യമുണ്ടെങ്കില്‍ ഇത്ര യാന്ത്രികമായി നാം പെരുമാറുമോ? ദൈവംതമ്പുരാനുമായി നടത്തുന്ന ആശയവിനിമയമാണ് ഇത് എന്ന് ബോധ്യമുണ്ടെങ്കില്‍ ഇത്തരം യാന്ത്രികമായ ആവര്‍ത്തനങ്ങള്‍ ആരാധനയില്‍ നടത്തുകയില്ല. ഒരു നേരം നാം ദൈവസന്നിധിയില്‍ വരുമ്പോള്‍ പലനേരത്തെ പ്രാര്‍ഥനകള്‍ പ്രാര്‍ഥിക്കുകയില്ല. നമ്മുടെ പ്രാര്‍ഥനയുടെ ഗുണത്തിലാണ് ദൈവത്തിന് താല്‍പര്യം. അല്ലാതെ പ്രാര്‍ഥനയുടെ നീളത്തിലോ എണ്ണത്തിലോ അല്ല.
ആരാധനക്രമത്തിലുള്ളത് ആദിയോടന്തം ഉരുവിടുന്നതാണ് ആരാധന എന്നാണ് പൊതുവേയുള്ള ധാരണ എന്നു തോന്നുന്നു. ഏശായാപ്രവാചകന്‍ ദര്‍ശിച്ചത് മാലാഖമാര്‍ ദൈവസന്നിധിയില്‍ നിന്നു ആരാധിക്കുന്നതാണ്. അവരുടെ കൈകളില്‍ ആരാധനക്രമമുള്ളതായി പ്രവാചകന്‍ കണ്ടില്ല. ആരാധനക്രമമില്ലാതെയും ആരാധിക്കാം എന്നാണ് അതിന്‍റെ അര്‍ത്ഥം. നാം ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് ആരാധന. നമ്മുടെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്നു വേണം ആരാധന ഉയരാന്‍. പുസ്തകത്തിന്‍റെ താളുകളില്‍ ദൃശ്യരൂപത്തില്‍ കിടക്കുന്നതു ശ്രാവ്യരൂപത്തിലാക്കിയാല്‍ മാത്രം ആരാധനയാവില്ല. .
ഒരു പരിപാടി നടത്തുന്നതിന് മുമ്പായി അതിന്‍റെ ഒരു കാര്യപരിപാടി എഴുതി വയ്കാറുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് അത്തരം ഒരു പ്ലാനിങ് സഹായമാകും. ഒരു സമൂഹമായി ആരാധിക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒരു ലിഖിത കാര്യപരിപാടിയാണ് ആരാധനാക്രമം. എന്നാല്‍ ആരാധനക്രമത്തിലുള്ളതെല്ലാം ഉരുവിട്ടാല്‍ ആരാധനയാവില്ല. നാം ഉപയോഗിക്കുന്നത് 15 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സുറിയാനി ഭാഷയില്‍ രചിക്കപ്പെട്ട ആരാധനാക്രമമാണ്. അത് അന്നത്തെ ആളുകള്‍ക്ക് മനസിലാകുന്ന വിധത്തില്‍ അന്നത്തെ സാഹചര്യത്തില്‍ രൂപപ്പെടുത്തിയ ആരാധനാക്രമാണ്. ഇന്ന് ഇന്ത്യയില്‍ പതിനഞ്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷവും ആ ആരാധനാക്രമം തന്നെ വള്ളിപുള്ളി വിടാതെ ഉപയോഗിക്കുന്നത് ഒരു തരം സാംസ്കാരിക അടിമത്തമാണ്. സുറിയാനി ആരാധനാക്രമത്തെ ഒരു മാതൃകയായി കണ്ട് നമ്മുടെ സാഹചര്യത്തിനനുസൃതമായ ആരാധനാക്രമങ്ങള്‍ നാം ഉണ്ടാക്കേണ്ടതാണ്.
മാലാഖമാരെപ്പോലെ ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് ആരാധന. ആരാധന ഉള്ളില്‍ നിന്നുയരണം. ചൂണ്ടുകളില്‍ നിന്നു മാത്രമുയരുന്ന ശബ്ദങ്ങള്‍ ആരാധനയാവില്ല. മാര്‍ അപ്രേം, മാര്‍ ബാലായി, തുടങ്ങിയ നമ്മുടെ പിതാക്കന്മാര്‍ അവരുടെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും വേദധ്യാനങ്ങളുമുപയോഗിച്ച് ദൈവത്തെ ആരാധിച്ചിരുന്നു. എന്നാല്‍ ഇന്ന് നാം അവര്‍ രചിച്ച പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ഉരുവിടുകമാത്രം ചെയ്തു കൊണ്ട് നമ്മെത്തന്നെയും മറ്റുള്ളവരെയും ദൈവത്തെയും വഞ്ചിക്കുന്നു. നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യത്തിലാണ് നാം എന്നു നമ്മെത്തന്നെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കുവാന്‍ വേണ്ടി അവര്‍ ഏഴു നേരമായി ചൊല്ലിയിരുന്ന പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും വേദഭാഗങ്ങളുമെല്ലാം നാം രണ്ടോ മൂന്നോ നേരമായി ഉരുവിടുന്നു.
പരലോകത്തുനിന്നു ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന മാര്‍ ആപ്രേമിനെപ്പോലുള്ള പിതാക്കന്‍മാര്‍ക്ക് വളരെ ദുഖമുണ്ടാക്കുന്ന കാര്യമാണ് ഇത്. മരിച്ചു പരലോകത്ത് ചെല്ലുമ്പോള്‍ നാം മാര്‍ ആപ്രേമിനെ മുഖാമുഖം കാണാന്‍ ഇടയാകുന്നു എന്നു സങ്കല്‍പ്പിക്കുക. നാം അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നു വളരെ അഭിമാനത്തോടെ ഇപ്രകാരം പറയുന്നു:
അപ്രേം പിതാവേ അങ്ങയെ ഇവിടെ വച്ച് നേരിട്ടു കാണാന്‍ ഇടയായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ അവിടുന്നു രചിച്ച ഗാനങ്ങളും പ്രാര്‍ഥനകളുമാണ് ചൊല്ലിയത്. കഴിഞ്ഞ 1500 വര്‍ഷങ്ങളായി ലോകമെങ്ങുമുള്ള ധാരാളം ക്രിസ്ത്യാനികള്‍ അങ്ങയുടെ ഗാനങ്ങളും പ്രാര്‍ഥനകളുമാണ് ചൊല്ലി വരുന്നത്. അങ്ങേയ്ക്ക് സന്തോഷം തോന്നുന്നില്ലേ?
മാര്‍ ആപ്രേമിന്‍റെ മുഖത്ത് സന്തോഷത്തിന് പകരം മ്ലാനതയായിരിക്കും നമ്മള്‍ കാണുക. അദ്ദേഹം പറയും:
ഇല്ല, എനിക്കു ഒട്ടും സന്തോഷം തോന്നുന്നില്ല. പകരം വല്ലാത്ത സങ്കടവും നിരാശയും ദേഷ്യവും ഒക്കെയാണ് തോന്നുന്നത്. കഴിഞ്ഞ 1500 വര്‍ഷങ്ങളായി മറ്റൊരു അപ്രേം ഉണ്ടായില്ല എന്നാണോ നിങ്ങള്‍ പറയുന്നതു? ക്രൈസ്തവസഭയുടെ വളര്‍ച്ച നാലാം നൂറ്റാണ്ടോടെ മുരടിച്ചു പോയി എന്നല്ലേ അതിന്‍റെ അര്‍ത്ഥം? നിങ്ങള്‍ വിചാരിച്ചാല്‍ ഞാന്‍ രചിച്ചതിനെക്കാള്‍ അര്‍ഥവത്തും മനോഹരവുമായ ഗാനങ്ങളും പ്രാര്‍ഥനകളും രചിക്കാന്‍ കഴിയുമായിരുന്നില്ലേ?
മാര്‍ ആപ്രേമിന്‍റെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നമുക്ക് ധൈര്യമുണ്ടാകുമെന്ന് ആശിക്കാം. മാര്‍ അപ്രേം എഴുതിയ പ്രാര്‍ഥനകള്‍ നാം ഉരുവിട്ടുകൊണ്ടിരിക്കുന്നതല്ല അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നത്; നാം അദ്ദേഹത്തെപ്പോലെ ജീവിക്കുകയും, അദ്ദേഹത്തെപ്പോലെ ദൈവത്തെ ആരാധിക്കുകയും, അദ്ദേഹം ചെയ്തത് പോലെ നമ്മുടെ ജീവിതസാഹചര്യങ്ങള്‍ക്കൊത്ത കീര്‍ത്തനങ്ങളും ആരാധനാക്രമങ്ങളും രചിക്കുകയും ചെയ്യുന്നതാണ്.

ഗ്രന്ഥസൂചിക
സേവേറിയോസ്, യൂഹാനോന്‍ മാര്‍. (2013) ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ ശുശ്രൂഷാസംവിധാന സഹായി. കോട്ടയം: എം..സി.പബ്ലിക്കേഷന്‍സ്


ഉള്ളടക്കം 

No comments:

Post a Comment