അര്‍ഥവ്യക്തതയുള്ള ആരാധന

സാധാരണക്കാരായ ആളുകള്‍ക്ക് പാട്ടുകള്‍ ആലപിക്കുന്ന നിമിഷത്തില്‍ തന്നെ അതിന്‍റെ അര്‍ഥവും ഹൃദയത്തില്‍ പതിയാന്‍ സാധിക്കണം.
വന്ദ്യഗുരുവായ റ്റി. ജെ. ജോഷ്വാ അച്ചന്‍റെ വാക്കുകളാണിവ. പ്രൊഫസര്‍ എന്‍. ഐ. നൈനാന്‍ രചിച്ച ആരാധനാസമീക്ഷ എന്ന ഗ്രന്ഥത്തിന്‍റെ അവതാരികയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നത്. അദ്ദേഹം തുടര്‍ന്നു എഴുതുന്നു:
നമസ്കാരങ്ങള്‍ മന്ത്രം ചൊല്ലുന്നതു പോലെ ചൊല്ലിക്കൂട്ടാനുള്ളതല്ല എന്നും അര്‍ത്ഥം അറിഞ്ഞും ഹൃദയവും മനസും അതില്‍ പതിഞ്ഞും ആത്മാവില്‍ നയിക്കപ്പെടേണ്ട അനുഭവമാണെന്ന തിരിച്ചറിവുണ്ടാകണം.
നമ്മുടെ ആരാധനയിലും സുറിയാനിയിലും പാണ്ഡിത്യം നേടിയ വന്ദ്യനായ ബേബി വറുഗീസ് അച്ചന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു:
അര്‍ത്ഥം മനസിലാകാതെ ചൊല്ലുന്ന പ്രാര്‍ഥനകള്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ പുറപ്പെടുവിക്കുന്ന ശബ്ദത്തില്‍ നിന്നു വ്യത്യസ്തമായിരിക്കയില്ല.
നമ്മുടെ ആരാധനയില്‍ ഏതാണ് പ്രധാനം? ശബ്ദസൌന്ദര്യമോ അര്‍ഥവ്യക്തതയോ? ശബ്ദസൌന്ദര്യത്തിന് വളരെ പ്രധാന്യം ഉണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അര്‍ഥവ്യക്തതയ്ക്ക് അതിലും പ്രാധാന്യം ഉണ്ട് എന്നതാണു സത്യം. അര്‍ത്ഥം മനസ്സിലാക്കി ചൊല്ലുമ്പോഴാണു ഗാനങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതും ആരാധന അര്‍ഥവത്താകുന്നതും.. എന്നാല്‍ ചൂണ്ടുകളില്‍ നിന്നു മാത്രം ഉയരുന്ന ഗീതങ്ങള്‍ക്ക് അര്‍ത്ഥം പ്രശ്നമേയല്ല; ശബ്ദസൌന്ദര്യം മാത്രം മതി.
നിലവിലുള്ള ആരാധനാഗീതങ്ങളില്‍ അര്‍ഥവ്യക്തതയെക്കാളും പ്രാധാന്യം ശബ്ദസൌന്ദര്യത്തിന് നല്കിയിരിക്കുന്നതായി തോന്നുന്നു. ശബ്ദസൌന്ദര്യത്തിന് അമിതപ്രാധാന്യം നല്കിയിരുന്ന ഒരു കാലത്താണ് ഈ ഗാനങ്ങളുടെ മൊഴിമാറ്റം നടന്നത് എന്നതാണു അതിനു കാരണം. വാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലും ശബ്ദസാമ്യങ്ങള്‍ വരുത്തുവാന്‍ വേണ്ടി ദ്വീതിയാക്ഷരപ്രാസവും മറ്റും അത്യന്താപേക്ഷിതമായി കരുതപ്പെട്ടിരുന്നു. എന്നാല്‍ നമ്മുടെ കാലത്ത് അര്‍ഥത്തിനാണ് ശബ്ദത്തെക്കാള്‍ പ്രാധാന്യം നല്‍കപ്പെടുന്നത്.
അര്‍ഥവ്യക്തതക്ക് വേണ്ടി ശബ്ദവൈവിധ്യം ഉപയോഗിക്കാവുന്നതാണ്. ആരോട് പറയുന്നു എന്നതിനനുസരിച്ച് ആരാധനയില്‍ നമ്മുടെ tone വ്യത്യാസപ്പെടുത്താവുന്നതാണ്. ഒരാള്‍ അയാളുടെ പിതാവിനോടു സംസാരിക്കുന്നതും സഹോദരനോടു സംസാരിക്കുന്നതും ഒരേ tone ല്‍ അല്ല. വൈദികന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതും ജനത്തോട് ഒരു കാര്യം പറയുന്നതും വ്യത്യസ്തമായ tone ല്‍ ആകുന്നത് അര്‍ത്ഥം വ്യക്തമാക്കും. അതുപോലെ തന്നെ ശുശ്രൂഷകരും ജനവും ചെയ്യുന്നത് നന്നായിരിക്കും. എല്ലാം ഒരേ tone ല്‍ ആയിപ്പോയാല്‍ monotonous ആയിപ്പോകും എന്നാല്‍ pitch ഉയര്‍ന്നും താഴ്ന്നും പോകാതെ medium ലെവലില്‍ തന്നെ നില്‍ക്കുന്നതാണ് ഭംഗി.
ഉദാഹരണത്തിന്, ശുശ്രൂഷകന്‍ ബാറക്മോര്‍ സ്തൌമന്‍കാലോസ് എന്നു പറയേണ്ടത് എങ്ങനെ എന്നു നോക്കാം. ബാറക്മോര്‍ പറയുന്നതു വൈദികനോടാണ്. സ്തൌമന്‍കാലോസ് പറയുന്നതു ജനത്തോടും. വൈദികനോടു അനുവാദം ചോദിക്കുകയാണ്, ജനത്തിന് ഒരു നിര്‍ദേശം നല്‍കുകയാണ്. ഇതിന്‍റെ അര്‍ത്ഥം മനസിലാക്കി പറയുമ്പോള്‍ സ്വാഭാവികമായും tone -ല്‍ വ്യത്യാസം വരും. ആഹായ് ബാറക്മോര്‍ പറയുന്നതു ഇതുപോലുള്ള മറ്റൊരു സന്ദര്‍ഭമാണ്. ആഹായ് പറഞ്ഞു ജനത്തെ അഭിസംബോധന ചെയ്യുന്നു. ബാറക്മോര്‍ പറഞ്ഞു വൈദികനോടു അനുവാദം വാങ്ങുന്നു.
ജനം ദൈവത്തോട് പ്രാര്‍ഥിക്കുന്നതും വൈദികനോടു ഒരു കാര്യം പറയുന്നതും ഒരേ tone -ല്‍ ആകുകയില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ എന്നു വൈദികന്‍ ജനത്തെ അഭിവാദ്യം ചെയ്യുമ്പോള്‍, തിരികെ അങ്ങയുടെ ആത്മാവിനും ഉണ്ടായിരിക്കട്ടെ എന്നു ജനം പ്രത്യാഭിവാദ്യം ചെയ്യുന്നു. ഇങ്ങനെ വൈദികനോടു ഒരു കാര്യം പറയുന്നതും ദൈവത്തോട് കുറിയേലായിസോന്‍ എന്നു പ്രാര്‍ഥിക്കുന്നതും ഒരേ tone -ല്‍ ആകുന്നതെങ്ങനെ?
ഗ്രന്ഥസൂചിക
ജോഷ്വാ, ഫാദര്‍ റ്റി. ജെ., (2011). അവതാരിക. ആരാധനാഗീതസമീക്ഷ.. തിരുവല്ല: സി. എസ്. എസ്
വറുഗീസ്, ഫാദര്‍ ബേബി. (1987). ആത്മാവിലും സത്യത്തിലും. കോട്ടയം: ദിവ്യബോധനം പബ്ലിക്കേഷന്‍സ്.


ഉള്ളടക്കം 

No comments:

Post a Comment