“നൈസര്‍ഗികമായി
ആരാധനക്ക് വേണ്ടിയുള്ള
അഭിവാഞ്ഛ മനുഷ്യന്‍ ആദികാലം
മുതല്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
മോശയുടെ
കാലം വരെ ഗോത്രത്തലവന്‍മാര്‍
ചില പ്രത്യേക വിധത്തില്‍
ബലിപൂജാദികള്‍ അനുഷ്ഠിച്ചു.
എന്നാല്‍
മോശയുടെ കാലം മുതല്‍ നിര്‍ദിഷ്ടമായ
ക്രമീകരണങ്ങള്‍ നല്‍കപ്പെട്ടു.
ശലോമോന്‍റെ
കാലത്ത് മനോഹരമായ ദേവാലയവും
വര്‍ണപ്പകിട്ടാര്‍ന്ന
ആരാധനാസമ്പ്രദായങ്ങളും
ആവിഷ്കരിക്കപ്പെട്ടു.
ക്രൈസ്തവസഭ
രൂപം കൊള്ളുമ്പോള്‍ ആരാധനാപരമായ
ചടങ്ങുകള്‍ക്ക് ഗംഭീര്യം
മുറ്റി നിന്നിരുന്ന യഹൂദസഭയുടെ
സ്വാധീനം അതിന്മേല്‍
ഉണ്ടായിരുന്നു.”
കാലം
ചെയ്ത അഭിവന്ദ്യനായ യൂഹാനോന്‍
മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്
ഇങ്ങനെ എഴുതിയിരിക്കുന്നത്.
ക്രിസ്തുവിനും
ഏതാണ്ട് 1500
വര്‍ഷം
മുമ്പാവണം സ്വന്തമായ
ജീവിതവീക്ഷണത്തോടും
ജീവിതരീതിയോടും കൂടെ യഹൂദന്മാര്‍
ഒരു ജനത എന്ന നിലയില്‍
രൂപമെടുക്കുന്നത്.
യേശുതമ്പുരാന്‍റെ
കാലത്ത് അവര്‍ക്ക് വ്യവസ്ഥാപിതമായ
ആരാധനരീതി ഉണ്ടായിരുന്നു
എന്നു അവരുടെ ലിഖിതങ്ങളില്‍
നിന്നും മനസിലാക്കാം.
യഹൂദമതത്തിനുള്ളിലെ
ഒരു നവീകരണപ്രസ്ഥാനം എന്ന
നിലയില്‍ ആരംഭിച്ച ക്രിസ്തുമതം
യഹൂദമതത്തിന്‍റെ ജീവിതവീക്ഷണവും
ആചാരാനുഷ്ഠാനങ്ങളും വിശുദ്ധ
ഗ്രന്ഥങ്ങളും നിലനിര്‍ത്തി.
അങ്ങനെ
ക്രിസ്തുമതം ആരംഭിക്കുന്നത്
തന്നെ യഹൂദമതത്തിന്‍റെ
ആരാധനാരീതിയുമായാണ്.
ദിവസം
അഞ്ചു നേരം പ്രാര്‍ഥിക്കുന്ന
രീതി പൌരാണിക പേര്‍ഷ്യന്‍
സൊരാഷ്ട്രിയന്‍ മതത്തിനുണ്ടായിരുന്നു.
ദിവസം
മൂന്നു നേരമെങ്കിലും
പ്രാര്‍ഥിക്കുന്ന രീതി
യഹൂദന്മാര്‍ക്ക് ഉണ്ടായിരുന്നതായി
കാണാം.
ക്രിസ്തുമതത്തിലെ
സന്യാസപ്രസ്ഥാനത്തില്‍ ദിവസം
ഏഴു നേരം പ്രാര്‍ഥിക്കുന്ന
രീതി ഉണ്ടായി.
ഇസ്ലാം
മതത്തില്‍ ദിവസം അഞ്ചു നേരം
പ്രാര്‍ഥിക്കുന്ന രീതി
ഉണ്ടായി.
കീര്‍ത്തനങ്ങള്‍,
അപേക്ഷകള്‍,
വേദവായന,
മധ്യസ്ഥപ്രാര്‍ഥന,
ധ്യാനങ്ങള്‍
തുടങ്ങിയ ആരാധനാരൂപങ്ങള്‍
ക്രിസ്തുമതത്തിന് ലഭിച്ചതു
യഹൂദമതത്തില്‍ നിന്നാണ്
എന്നു നിസ്സംശയം പറയാം.
പെരുനാളുകളോട്
അനുബന്ധിച്ച് ആരാധന നടത്തുന്ന
രീതിയും ക്രിസ്തുമതത്തിന്
ലഭിച്ചത് യഹൂദമതത്തില്‍
നിന്നു തന്നെ.
എന്നാല്‍
ക്രിസ്തുമതത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ആരാധനാരൂപമായ
കുര്‍ബാന ക്രിസ്തുമതത്തിനുള്ളില്‍
തന്നെ രൂപമെടുത്തതാണെന്ന്
വേണം കരുതാന്‍.
യെരുശലേം
ദേവാലയത്തില്‍ നടന്നിരുന്ന
മൃഗബലികളും യഹൂദന്മാരുടെ
പെസഹാ എന്ന വാര്‍ഷിക ആഘോഷവും
കുര്‍ബാനയുടെ രൂപീകരണത്തിന്
പ്രചോദനമേകിയിട്ടുണ്ടാവണം.
ഒരുമിച്ച്
കൂടുമ്പോള്‍ സ്നേഹവിരുന്നു
(അഗാപ്പെ)
ഭക്ഷിക്കുന്ന
രീതി ക്രിസ്തുമതത്തിന്‍റെ
ആരംഭത്തില്‍ ഉണ്ടായിരുന്നു.
ഇത്
ക്രമേണ ആരാധനയുടെ ഭാഗമായി,
കുര്‍ബാനയായി,
തീര്‍ന്നതാകാന്‍
ഇടയുണ്ട് എന്നു
കരുതുന്നവരുമുണ്ട്.
യഹൂദമതത്തില്‍
സന്യാസപ്രസ്ഥാനങ്ങള്‍
ഉണ്ടായിരുന്നു.
കുമ്രാന്‍
സമൂഹങ്ങള്‍ സന്യാസ സമൂഹങ്ങളായിരുന്നു.
എസീന്യര്‍
എന്നായിരുന്നു സന്യാസികള്‍
അറിയപ്പെട്ടത്.
യോഹന്നാന്‍
സ്നാപകനും യേശുതമ്പുരാനും
ഈ സന്യാസസമൂഹങ്ങളിലെ അംഗങ്ങളോ
അവയുടെ സ്വാധീനത്തില്‍പ്പെട്ടവരോ
ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.
ഇരുവരും
അവിവാഹിതരായിരുന്നു എന്നും
അവര്‍ മരുഭൂമിയില്‍ സമയം
ചെലവഴിച്ചു എന്നും
നാം വായിക്കുന്നു.
മാര്‍
സേവേറിയോസ് തുടര്‍ന്നു
എഴുതുന്നു:
"ക്രിസ്തീയസഭകളുടെ
എല്ലാം മാതാവായ ഊര്‍ശ്ലേമിലാണ്
ആരാധനാസമ്പ്രദായങ്ങള്‍
അവയുടെ ബാല്യദശയില്‍ രൂപം
കൊണ്ടത്.
ഇക്കാലത്തെപ്പോലെ
ദീര്‍ഘങ്ങളായ ശുശ്രൂഷകളോ
ശുശ്രൂഷാഗ്രന്ഥങ്ങളോ
അന്നുണ്ടായിട്ടില്ല.
വാമൊഴി
ഉപയോഗിച്ചും ഹ്രസ്വമായ
വിധത്തിലും ആരാധനകള്‍
നടന്നിരിക്കണം.
സഭ
നാനാദിഗന്തങ്ങളിലേക്കും
വ്യാപിച്ചപ്പോള്‍ അതതു
സ്ഥലത്തെ സംസ്കാരപാരമ്പര്യങ്ങള്‍
ഉള്‍ക്കൊണ്ട് സഭാജീവിതവും
ആരാധനാസമ്പ്രദായങ്ങളും
വികസിച്ചുകൊണ്ടിരുന്നു.“
ആദിമസഭയിലെ
ആരാധനാരീതിയെപ്പറ്റി പൌലൊസ്
മാര്‍ ഗ്രിഗോറിയോസ് തിരുമേനി
എഴുതിയിരിക്കുന്നത് ചിന്തനീയമാണ്.
(On Choosing the Good Portion p.38)
സങ്കീര്‍ത്തനങ്ങളും
ധ്യാനഗീതങ്ങളും ഹൃദയത്തില്‍
നിന്നുയര്‍ന്നിരുന്നു,
അല്ലാതെ
ഇന്നത്തെപ്പോലെയുള്ള
അധരവ്യായാമമായിരുന്നില്ല.
ദൈവത്തിന്‍റെ
പരിശുദ്ധാത്മാവ് അവരെ
സംബന്ധിച്ചടത്തോളം ഒരു
അനുഭവയാഥാര്‍ത്ഥ്യമായിരുന്നു.
ചുരുളില്‍
നിന്നു പഴയനിയമം വായിച്ചിരുന്നു.
ആരെങ്കിലും
വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു.
പുതിയനിയമം
അന്ന് ഉണ്ടായിരുന്നില്ല.
യേശുതമ്പുരാന്‍റെ
വാക്കുകളും അവിടുത്തെ ജീവിതകഥയും
ആരെങ്കിലുമൊക്കെ ഓര്‍മയില്‍
നിന്നു വിവരിക്കുകയും ആരെങ്കിലും
അവ വ്യാഖ്യാനിക്കുകയും ചെയ്തു
പോന്നു.
പ്രാര്‍ഥനകള്‍
ഹൃദയത്തില്‍ നിന്നും
ഉയര്‍ന്നിരുന്നു.
അപ്പോള്‍
സ്വര്‍ഗം തുറക്കുകയും അവര്‍
ദൈവസാന്നിദ്ധ്യം അനുഭവിച്ചറിയുകയും
ചെയ്തു.
അവരുടെ
പ്രവാചകന്മാര്‍ തിരുവെഴുത്തുകള്‍
വ്യാഖ്യാനിക്കുമ്പോള്‍
മനുഷ്യമനസ്സുകള്‍ രൂപാന്തരപ്പെടുക
പതിവായിരുന്നു.
ഇത്തരം
ആരാധനയില്‍ നിന്നു ക്രമേണ
അടുക്കും ചിട്ടയുമുള്ള
ഇന്നത്തെ രീതിയിലുള്ള ആരാധന
വികസിച്ചു വന്നു.
ക്രിസ്തുമതത്തിന്‍റെ
ചരിത്രത്തിലെ ഏറ്റവും
സര്‍ഗാത്മകം (creative)
ആയ
കാലഘട്ടം ക്രിസ്തുവിനു
ശേഷമുള്ള നാലാം നൂറ്റാണ്ടായിരുന്നു
എന്നു പറഞ്ഞാല്‍ തെറ്റാവില്ല.
ക്രിസ്തുമതം
സ്വാതന്ത്ര്യം നേടിയതും
റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക
മതമായി തീര്‍ന്നതും ഈ കാലത്താണ്.
ക്രിസ്തുമതത്തിലെ
ഏറ്റവും തലയെടുപ്പുള്ള
ചിന്തകര്‍ ജീവിച്ചിരുന്നത്
ഇക്കാലത്താണ്--
അഗസ്തീനോസ്,
ബസേലിയോസ്,
നിസ്സായിലെ
ഗ്രിഗോറിയോസ്,
തുടങ്ങിയവര്‍.
ക്രിസ്തുമതത്തിലെ
സന്യാസപ്രസ്ഥാനം വളരെ സജീവമായതും
ഇക്കാലത്ത് തന്നെ.
സര്‍ഗാത്മകത
ഏറ്റവും പ്രകടമായത്
ആരാധനാക്രമങ്ങളുടെ സൃഷ്ടിയിലും
വികസനത്തിലുമായിരുന്നു.
മാര്‍
ആപ്രേമിനെപ്പോലുള്ള കവികള്‍
സുറിയാനിഭാഷയില്‍
ധാരാളം കീര്‍ത്തനങ്ങളും
പ്രാര്‍ഥനകളും രചിച്ചു.
അവ
എട്ട് വ്യത്യസ്ത രാഗങ്ങളില്‍
ചൊല്ലുവാന്‍ സാധിക്കുന്നതായിരുന്നു.
കുര്‍ബാനക്രമങ്ങള്‍
ഒട്ടേറെയുണ്ടായി.
ധാരാളം
സന്യാസിമാരും സന്യാസാശ്രമങ്ങളും
ഉണ്ടായ ഒരു കാലട്ടമായിരുന്നു
അത്.
സന്യാസിമാര്‍
അക്കാലത്തെ celebrities
ആയിരുന്നു.
ഇന്ന്
സിനിമാതാരങ്ങളും സ്പോര്‍ട്ട്സ്
താരങ്ങളും ഉള്ളത് പോലെ അന്നത്തെ
താരങ്ങളായിരുന്നു സന്യാസിമാര്‍.
അവര്‍
അന്നത്തെ വാര്‍ത്തകളില്‍
നിറഞ്ഞു നിന്നിരുന്നു.
സന്യാസിമാര്‍
അവരുടെ സമയം ഏറ്റവും അധികം
ചെലവഴിച്ചിരുന്നത് ആരാധനയ്ക്ക്
വേണ്ടിയാണ്.
ആഹാരം,
വസ്ത്രം,
പാര്‍പ്പിടം
എന്നിവ നേടുന്നതിനു
വേണ്ടിയുള്ള
കായികാധ്വാനത്തിനും
വിശ്രമത്തിനും ഉറക്കത്തിനുമായി
കുറച്ചുനേരം
ചെലവഴിച്ചതൊഴിച്ചാല്‍
മിക്ക സമയവും ആരാധനയ്ക്കും
ധ്യാനത്തിനുമായി അവര്‍
ചെലവിട്ടു.
അങ്ങനെ
ആരാധനയ്ക്ക് മുഖ്യപ്രധാന്യം
നല്‍കിയ അവരുടെ
ദിവസങ്ങളില്‍ ഓരോ യാമവും
അവര്‍ ആരാധനയോടെ ആരംഭിച്ചു.
മൂന്നു
മണിക്കൂര്‍ നേരമാണ് ഒരു യാമം.
ഓരോ
യാമത്തിലും ഏതാണ്ട് ഒരു
മണിക്കൂര്‍ നേരമെങ്കിലും
അവര്‍ ആരാധനയില്‍ ചെലവിട്ടു.
ഈ
ഒരു മണിക്കൂറില്‍ അവര്‍
കീര്‍ത്തനങ്ങള്‍
ആലപിച്ചു,
വേദപുസ്തകഭാഗങ്ങള്‍
വായിച്ചു ധ്യാനിച്ചു,
ഒരുമിച്ചു
പ്രാര്‍ഥനകള്‍ സമൂഹമായി
ചൊല്ലി,
മൌനമായി
പ്രാര്‍ഥിച്ചു.
രാവിലെ
6
മണിക്ക്
പ്രഭാതപ്രാര്‍ഥന.
ഏതാണ്ട്
ഒരു മണിക്കൂര്‍ പ്രാര്‍ഥനയ്ക്ക്
ശേഷം ദിനചര്യകള്‍ക്കും മറ്റ്
അത്യാവശ്യ ജോലികള്‍ക്കും
അവര്‍ സമയം കണ്ടെത്തുന്നു.
9 മണിക്ക്
അടുത്ത യാമപ്രാര്‍ഥനയ്ക്ക്
എത്തുന്നു.
ഏതാണ്ട്
ഒരു മണിക്കൂര്‍ പ്രാര്‍ഥനയ്ക്ക്
ശേഷം പഠനത്തിനും മറ്റ്
ജോലികള്‍ക്കും സമയം കണ്ടെത്തുന്നു.
12 മണിക്ക്
വീണ്ടും പ്രാര്‍ഥനയ്ക്ക്
എത്തുന്നു.
ഏതാണ്ട്
ഒരു മണിക്കൂര്‍ പ്രാര്‍ഥനയ്ക്ക്
ശേഷം ആഹാരത്തിനും അല്‍പം
വിശ്രമത്തിനുമായി പിരിയുന്നു.
വീണ്ടും
3
മണിക്ക്
പ്രാര്‍ഥനയ്ക്ക് എത്തുന്നു.
ഏതാണ്ട്
ഒരു മണിക്കൂര്‍ പ്രാര്‍ഥനയ്ക്ക്
ശേഷം അവര്‍ അല്‍പം കൃഷി തുടങ്ങിയ
കാര്യങ്ങള്‍ക്കായി സമയം
ചെലവിടുന്നു.
6 മണിക്ക്
സന്ധ്യാപ്രാര്‍ഥനയ്ക്ക്
എത്തുന്നു.
ഏതാണ്ട്
ഒരു മണിക്കൂര്‍ പ്രാര്‍ഥനയ്ക്ക്
ശേഷം ആഹാരത്തിനും മറ്റ്
ദിനചര്യകള്‍ക്കുമായി സമയം
ചെലവിടുന്നു.
9 മണിക്ക്
വീണ്ടും പ്രാര്‍ഥനയ്ക്ക്
എത്തുന്നു.
ഏതാണ്ട്
ഒരു മണിക്കൂര്‍ പ്രാര്‍ഥനയ്ക്ക്
ശേഷം ഉറങ്ങാന്‍ പോകുന്നു.
12 മണിക്ക്
ഉറക്കത്തില്‍ നിന്നു എഴുന്നേറ്റ്
വളരെ ദൈര്‍ഘ്യമുള്ള പാതിരാത്രി
നമസ്കാരം ചൊല്ലുന്നു.
ഏതാണ്ട്
രണ്ടു മണിക്കൂര്‍ കഴിഞ്ഞു
വീണ്ടും ഉറങ്ങുന്നു.
ഏതാണ്ട്
നാലു മണിക്കൂര്‍ ഉറക്കത്തിന്
ശേഷം പ്രഭാതപ്രാര്‍ഥനയ്ക്കായി
ഉണരുന്നു.
ഇങ്ങനെ
ദിവസത്തിലെ 24
മണിക്കൂറില്‍
ഏതാണ്ട് 8
മണിക്കൂര്‍
നേരം ആരാധന,
8 മണിക്കൂര്‍
നേരം വിശ്രമം,
8 മണിക്കൂര്‍
നേരം അത്യാവശ്യജോലികള്‍ക്കായി--
ഇങ്ങനെയാവണം
അവര്‍ സമയം ചെലവഴിച്ചിരുന്നത്.
ഇത്
കൂടാതെ തീവ്രമായ ഉപവാസം
ജീവിതത്തിന്‍റെ ഭാഗമായതും
സന്യാസാശ്രമങ്ങളില്‍
ആയിരുന്നു.
സന്യാസികള്‍
സസ്യഭുക്കുകളായിരുന്നു.
എല്ലാ
ബുധനും വെള്ളിയും അവര്‍
പ്രഭാതഭക്ഷണം വെടിഞ്ഞിരുന്നു.
കൂടാതെ
ഉയിര്‍പ്പ് പെരുന്നാള്‍,
ജനനപ്പെരുന്നാള്‍
തുടങ്ങിയ വിശേഷ ദിനങ്ങളോടനുബന്ധിച്ച്
കുറെ ദിവസങ്ങളോ ആഴ്ചകളോ
പ്രഭാതഭക്ഷണം വെടിഞ്ഞു
ഉപവസിക്കുന്ന രീതിയും ഉണ്ടായി.
ചിലര്‍
ഉപവാസദിനങ്ങളില്‍ ഒരു നേരം
മാത്രം ഭക്ഷിക്കുന്ന രീതിയും
ഉണ്ടായിരുന്നു.
യേശുതമ്പുരാന്‍റെ
കാലത്ത് തന്നെ ഇത്തരം ഉപവാസം
പ്രചാരത്തിലിരുന്നു എന്ന്
കരുതണം.
യേശുതമ്പുരാന്‍
നാല്‍പതു ദിവസം ഒന്നും കഴിക്കാതെ
ഉപവസിച്ചതായി നാം വായിക്കുന്നു.
ദിവസവും
8
മണിക്കൂര്‍
നേരം ആരാധനയില്‍ ചെലവഴിക്കുന്നതിനും
ഉപവാസം അനുഷ്ഠിക്കുന്നതിനും
അസാമാന്യമായ മനോനിയന്ത്രണവും
ഇച്ഛാശക്തിയും ഇന്ദ്രിയജയവും
ഏകാഗ്രതയും അവര്‍
സ്വായത്തമാക്കിയിരുന്നിരിക്കണം.
ശരീരത്തെ
എങ്ങനെയും വളയ്ക്കുകയും
തിരിക്കുകയും ചെയ്യുന്ന
സര്‍ക്കസ് അഭ്യാസികളെപ്പോലെ
മനസ്സിനെ എങ്ങനെയും വളയ്ക്കാനും
തിരിക്കാനും നിയന്ത്രണത്തില്‍
നിര്‍ത്താനും കഴിവ് നേടിയ
അഭ്യാസികളായിരുന്നു സന്യാസിമാര്‍.
മനസ്സിനെ
ബലപ്പെടുത്താനുള്ള വ്യായാമമുറ
ആയിരുന്നിരിക്കണം അവര്‍ക്ക്
ആരാധന.
ഇന്ന്
body-building
-ന്
fitness
centre -ഉം
gymnasium
-ഉം
ഒക്കെ ഉള്ളത് പോലെ അക്കാലത്ത്
mind-building
നുള്ള
gymnasium
ആയിരുന്നിരിക്കണം
സന്യാസാശ്രമങ്ങള്‍.
വെറുതെയല്ല
സന്യാസിമാര്‍ അക്കാലത്ത്
താരങ്ങളായി മാനിക്കപ്പെട്ടിരുന്നത്.
ഇത്
കൂടാതെ കുര്‍ബാനയുള്ള
ദിനങ്ങളിലും പെരുന്നാള്‍
ദിനങ്ങളിലും ഇതിലേറെ സമയം
അവര്‍ ആരാധനയ്ക്ക് ചെലവിട്ടിരുന്നു.
ഇങ്ങനെ
ആരാധന ഏറ്റവും മുഖ്യമായി
കരുതുകയും അതിനായി നല്ലൊരു
ഭാഗം സമയം മാറ്റിവയ്ക്കുകയും
ചെയ്തിരുന്ന ആയിരക്കണക്കിന്
ക്രിസ്തീയ സന്യാസിമാര്‍
അക്കാലത്ത് ഏഷ്യയിലും
യൂറോപ്പിലും ആഫ്രിക്കയിലും
ഉണ്ടായിരുന്നു.
ഈ
പശ്ചാത്തലത്തിലാണ് ധാരാളം
പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും
രചിക്കപ്പെട്ടത്.
സന്യാസാശ്രമങ്ങളില്‍
സന്യാസിമാര്‍ക്ക് വേണ്ടി
സന്യാസിമാരാല്‍ രചിക്കപ്പെട്ട
ആരാധനാക്രമങ്ങള്‍ പില്‍ക്കാലത്ത്
സാധാരണക്കാര്‍ക്ക് അവരുടെ
ദേവാലയങ്ങളിലും ഭവനങ്ങളിലും
ആരാധിക്കുവാന്‍ ഉപയോഗിക്കപ്പെട്ടു.
ക്രൈസ്തവസഭയുടെ
തുടക്കത്തില്‍ ഇന്നത്തെപ്പോലെ
ദീര്‍ഘങ്ങളായ ശുശ്രൂഷകളോ
ശുശ്രൂഷാക്രമങ്ങളോ ഇല്ലായിരുന്നു
എന്നു മാര്‍ സേവേറിയോസ്
എഴുതിയിരിക്കുന്നത് നാം
കണ്ടു.
നാലാം
നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന
മാര്‍ അപ്രേം രചിച്ച
കീര്‍ത്തനങ്ങളും
പ്രാര്‍ഥനകളും ആരാധനയുടെ
ഭാഗമായി ഉള്‍പ്പെടുത്തുകയുണ്ടായി.
അക്കാലം
വരെ നമ്മുടെ ആരാധനാക്രമങ്ങള്‍
വളരെ ചെറുതായിരുന്നിരിക്കണം.
അടുത്ത
നൂറ്റാണ്ടില്‍ മാര്‍ ബാലായിയില്‍
നിന്നു കൂടുതല്‍ രചനകളുണ്ടായി.
അവയും
ആരാധനയുടെ ഭാഗമായി.
വീണ്ടും
ഒരു നൂറ്റാണ്ടിന്നു ശേഷം
ശെമവോന്‍ കൂക്കോയോ,
സെരുഗിലെ
യാക്കോബ്,
അന്ത്യോഖ്യയിലെ
സേവേറിയോസ് എന്നീ പിതാക്കന്മാരില്‍
നിന്നുള്ള കൂടുതല്‍ രചനകള്‍
ആരാധനയുടെ ഭാഗമായി.
ഇങ്ങനെ
കാലം ചെല്ലുന്തോറും
കൂടുതല്‍ കൂടുതല്‍ കീര്‍ത്തനങ്ങളും
പ്രാര്‍ഥനകളും നമ്മുടെ
ആരാധനാക്രമങ്ങളുടെ
ഭാഗമാകുകയും തല്‍ഫലമായി
അവയുടെ വലിപ്പം വളരെ വര്‍ധിക്കുകയും
ചെയ്തുവന്നു.
വന്ദ്യനായ
എം.
പി.
ജോര്‍ജ്
അച്ചന്‍ ഇങ്ങനെ എഴുതുന്നു:
സുറിയാനിസംഗീതം
ഇത്രയും വിപുലമാക്കിയത് അനേക
പിതാക്കന്മാരുടെ പ്രവര്‍ത്തനം
കൊണ്ടാണ്.
നാലാം
നൂറ്റാണ്ടു മുതല്‍ ഉയര്‍ന്നു
വന്ന ആ ദിവ്യസംഗീതം ഏഴാം
നൂറ്റാണ്ടായപ്പോള്‍ അതിന്റെ
ഉച്ചകോടിയിലെത്തി.
(സുറിയാനി
സംഗീതം)
നിലവിലിരിക്കുന്ന
ആരാധാനാക്രമത്തോട് പുതിയ
പ്രാര്‍ഥനകളും ഗീതങ്ങളും
ചേര്‍ത്തുകൊണ്ടിരുന്നാല്‍
ആരാധനാക്രമം ക്രമാതീതമായി
വലിപ്പം വച്ച് ഉപയോഗശൂന്യമായി
തീരുമെന്ന് 13-ആം
നൂറ്റാണ്ടിലെ ബാര്‍ എബ്രായ
എന്ന സഭാപിതാവ് തിരിച്ചറിഞ്ഞു.
സുറിയാനി
പാരമ്പര്യത്തിലെ അവസാന
നക്ഷത്രമായിരുന്നു അദ്ദേഹം
എന്നു വന്ദ്യനായ ബേബി വര്‍ഗീസ്
അച്ചന്‍ അഭിപ്രായപ്പെടുന്നു.
അന്നു
നിലവിലുണ്ടായിരുന്ന
ആരാധനാക്രമങ്ങള്‍ ആ പിതാവ്
പരിഷ്കരിക്കുകയുണ്ടായി.
ആശയം
കൂടുതല്‍ വ്യക്തമാകത്തക്ക
വിധം സമകാലിക സുറിയാനിയിലേക്ക്
അവ വിവര്‍ത്തനം ചെയ്യുകയുണ്ടായി.
മാത്രമല്ല
അനാവശ്യമായ ഒട്ടേറെ ആവര്‍ത്തനങ്ങള്‍
ഒഴിവാക്കുകയും ചെയ്തു.
ഗ്രന്ഥസൂചിക
ജോര്‍ജ്,
ഫാദര്‍
എം.
പി.
(2010) സുറിയാനി
സംഗീതം.
കോട്ടയം:
എം.ഓ.സി.
പബ്ലിക്കേഷന്‍സ്
സേവേറിയോസ്,
യൂഹാനോന്‍
മാര്‍.
(2013) ഓര്‍ത്തോഡോക്സ്
സുറിയാനി സഭയുടെ ശുശ്രൂഷാസംവിധാന
സഹായി.
കോട്ടയം:
എം.ഓ.സി.പബ്ലിക്കേഷന്‍സ്
Varghese,
Fr. B. (2013) Bar Hebraes and the Syrian Orthodox Liturgy. Journal
of Malankara Orthodox Theological Studies. Kottayam: Orthodox
Theological Seminary.
ഉള്ളടക്കം
No comments:
Post a Comment