കപടമല്ലാത്ത ആരാധന

നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തരെ അനുകരിക്കരുത്. മനുഷ്യര്‍ കാണുന്നതിന് വേണ്ടി ... പ്രാര്‍ഥിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നുവല്ലോ. ..... നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങളുടെ രഹസ്യമുറിയില്‍ പ്രവേശിച്ച് വാതില്‍ അടച്ചു അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാര്‍ഥിക്കുക (മത്തായി 6: 5-6).
പ്രാര്‍ഥനയെപ്പറ്റി യേശുതമ്പുരാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്ന പരമപ്രധാനമായ പാഠം അത് കപടമായ ഒരു അനുഷ്ഠാനമാകരുത് എന്നുള്ളതാണ്. പ്രാര്‍ഥന എന്ന പേരില്‍ നാം ചെയ്യുന്നത് പ്രാര്‍ഥന തന്നെയാവണം എന്നു യേശുതമ്പുരാന്‍ അടിവരയിട്ടു നമ്മെ പഠിപ്പിച്ചിരിക്കുന്നു.
യേശുതമ്പുരാന്‍റെ കാലത്ത് പ്രാര്‍ഥിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ മിക്കവരുടെയും പ്രാര്‍ഥന കപടമാണെന്ന് അവിടുന്നു തിരിച്ചറിഞ്ഞു. തങ്ങള്‍ ഭക്തരും നീതിമാന്മാരും ആണെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ പ്രാര്‍ഥനയെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അദൃശ്യനായ ദൈവം കണ്ടുകൊണ്ടിരിക്കുകയാണ് എന്ന ബോധ്യം പോലും അവര്‍ക്കില്ലാതെ പോയി. എല്ലാം കാണുന്ന ഒരു ദൈവം ഉണ്ട് എന്ന ബോധ്യം ഉള്ളവര്‍ക്കു എങ്ങനെ പ്രാര്‍ഥന അഭിനയിക്കാനാവും? സങ്കീര്‍ത്തനക്കാരന്‍ പാടിയപ്പോലെ, ദൈവമില്ല എന്നു ഹൃദയത്തില്‍ പറയുന്ന മൂഢന്‍മാരായി അവര്‍ മാറിയിരുന്നു.
ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതാണ് പ്രാര്‍ഥന അഥവാ ആരാധന. ഏറ്റവും അടുത്ത സുഹൃത്തിനോടെന്നവണ്ണം ദൈവമുമ്പാകെ ഹൃദയം തുറക്കാന്‍ നമുക്ക് കഴിയണം. ദൈവത്തിന് നമ്മോട് പറയാനുള്ളത് കേള്‍ക്കത്തക്ക വിധത്തില്‍ മനസ് ഏകാഗ്രമായിരിക്കുകയും വേണം. ഹൃദയം ഒന്നു തുറന്നു, മനസ് ഒന്നു ഏകാഗ്രമാക്കി, ദൈവത്തിന്‍റെ മഹത്വം ഒന്നു കണ്ടു, ദൈവമേ എന്നൊന്ന് വിളിച്ചാല്‍ പ്രാര്‍ഥനയായി, ആരാധനയായി. അത് സംഭവിക്കാതെ ആരാധന എന്ന പേരില്‍ എന്തൊക്കെ കാട്ടിക്കൂട്ടിയാലും അതൊന്നും ആരാധനയാവില്ല.
ഹൃദയം തുറക്കുക, മനസ്സ് ഏകാഗ്രമാക്കുക എന്നൊക്കെ പറയുന്നതു അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. ബോധപൂര്‍വം ശ്രമിച്ചാലേ ഇത് രണ്ടും സാധിക്കൂ. പലതിനെച്ചൊല്ലി വിചാരപ്പെട്ടു കലങ്ങിയിരിക്കുന്ന മനസാണ് മിക്ക ആളുകള്‍ക്കും മിക്കപ്പോഴും ഉള്ളത്. മാര്‍ത്തയ്ക്കുണ്ടായിരുന്ന പോലെയുള്ള ഇത്തരം മനസ്സ് അതിന്‍റെ ഉടമകള്‍ക്കും മറ്റുള്ളവര്‍ക്കും വളരെ ബുദ്ധിമുട്ടും പ്രയാസവും ഉണ്ടാക്കുന്നതാണ്. ഇതിന്‍റെ സ്ഥാനത്ത് യേശുതമ്പുരാന്‍ പറഞ്ഞത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന മറിയക്കുണ്ടായിരുന്ന ഏകാഗ്രമായ മനസ്സും തുറന്ന ഹൃദയവുമാണ് നമുക്ക് വേണ്ടത്.
നമുക്ക് കാണാവുന്ന ഒരു സുഹൃത്തിന്‍റെ മുമ്പില്‍ ഹൃദയം തുറക്കുന്നത് തന്നെ ശ്രമകരമാണ്. അങ്ങനെയെങ്കില്‍ അദൃശ്യനായ ദൈവത്തിന്‍റെ മുമ്പാകെ മനസ്സ് തുറക്കുന്നത് എത്രയോ ശ്രമകരമാണ്! ദൈവം അടുത്തുണ്ടെന്നു സങ്കല്‍പ്പിക്കാന്‍ കഴിയണം. അദൃശ്യനായ ദൈവത്തിന്‍റെ പ്രതീകമായി ഒരു രൂപം മനസില്‍ സങ്കല്‍പ്പിക്കാനും കഴിയണം. അഭ്യസിച്ചു സ്വായത്തമാക്കേണ്ട ഒരു മനോവിദ്യയാണ് പ്രാര്‍ഥന അഥവാ ആരാധന. കുറെ ആളുകള്‍ ഒന്നിച്ചു ഒരു സമൂഹമായി ആരാധിക്കുന്നതിന് കൂടുതല്‍ പരിശീലനം ആവശ്യമാണ്.
നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആരാധനാരീതികളുണ്ട് നമ്മുടെ മതപാരമ്പര്യങ്ങളില്‍. അതുകൊണ്ടു ഒരു സമൂഹആരാധനാരീതി നമുക്ക് പുതുതായി കണ്ടുപിടിക്കേണ്ടതില്ല. നിലവിലുള്ളത് തുടര്‍ന്നാല്‍ മാത്രം മതിയാവും. പരമ്പരാഗതമായി ലഭിച്ചിരിക്കുന്ന ആരാധനാരീതിക്ക് ഇങ്ങനെ ഒരു സൌകര്യം ഉണ്ടെങ്കിലും അതിനു വലിയ ഒരു അപകടവും ഉണ്ട്. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ നമ്മുടെ സമൂഹത്തിന്‍റെ ആരാധനാരീതികളുടെ രൂപം നമുക്ക് പരിചിതമാകുന്നു. അര്‍ഥം അറിയാതെ തന്നെ ആരാധനയില്‍ പങ്കെടുക്കുന്നത് നമ്മുടെ ബാല്യകാലശീലമാകുന്നു. ആരാധനയുടെ അര്‍ഥവും പ്രസക്തിയും മനസിലാക്കാതെ തന്നെ ആരാധനയില്‍ ഭാഗഭാക്കാകുന്ന ഈ ശീലം പ്രായമാകുമ്പോഴും നാം തുടരുന്നു. ആരാധനയുടെ രൂപത്തില്‍ മാത്രം തൃപ്തരായി മരണത്തോളം നാം ജീവിക്കുന്നു.
ഈ അപകടത്തില്‍ നിന്നു മനുഷ്യരെ രക്ഷിക്കുന്നതിന് ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്. കുഞ്ഞുങ്ങള്‍ വളര്‍ന്ന് വരുമ്പോള്‍ത്തന്നെ അവരെ ആരാധനയുടെ അര്‍ഥത്തെക്കുറിച്ച് ബോധമുള്ളവരാക്കുവാന്‍ ആവശ്യമായ വിദ്യാഭ്യാസ പരിപാടികള്‍ നമ്മുടെ മതപാരമ്പര്യങ്ങളില്‍ ഉണ്ടാകണം. നമ്മുടെ സണ്ടെസ്കൂള്‍, യുവജനസമാജം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കു ഇങ്ങനെ ഒരു ലക്ഷ്യമുണ്ടാകണം. അര്‍ഥവത്തായി ആരാധിക്കുവാന്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുകയായിരിക്കണം സണ്ടേസ്കൂളിന്‍റെ പ്രഥമലക്ഷ്യം. ഒരു നിമിഷനേരത്തെക്കെങ്കിലും ദൈവമുമ്പാകെ ഏകാഗ്രതയോടെ ഹൃദയം തുറക്കാന്‍ പഠിക്കാതെ കുഞ്ഞുങ്ങള്‍ സണ്ടെസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് എത്ര കഷ്ടമാണ്!
നമ്മുടെ ആരാധന പരിഷ്കരിക്കണം എന്നു ധാരാളം പേര്‍ അഭിപ്രായപ്പെട്ടു കേള്‍ക്കാറുണ്ട്. ഇത് പറയുമ്പോള്‍ മിക്കവരും ഉദ്ദേശിക്കുന്ന പ്രധാനപരിഷ്കാരം സമയം ചുരുക്കലാണ്. സമയത്തിന്‍റെ കാര്യത്തിലല്ല പ്രധാനപ്രശ്നം. നാം നടത്തുന്നത് ആരാധന തന്നെയാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. കെട്ടിലും മട്ടിലും നാം നടത്തുന്നതിന് ആരാധനയുടെ രൂപമുണ്ടെങ്കിലും ഉള്ളടക്കത്തില്‍ ഇത് ആരാധന തന്നെയോ എന്നു പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ഒരു നിമിഷമെങ്കിലും നമ്മുടെ ഹൃദയം ഒന്നു തുറക്കുകയും മനസ് ഒന്നു ഏകാഗ്രമാക്കുകയും ചെയ്യുന്നുണ്ടോ? ഇക്കാര്യത്തിലാണ് പരിഷ്കാരം ആദ്യം വേണ്ടത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നയാള്‍ തൂക്കം ശരിയാണോ എന്നു ഉറപ്പ് വരുത്തുന്നതിന് മുമ്പ് അത് സ്വര്‍ണം തന്നെയാണോ അതോ സ്വര്‍ണം പൂശിയതാണോ എന്നു വേണ്ടേ ശ്രദ്ധിക്കാന്‍? അതുപോലെ ആരാധനയുടെ സമയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് നാം നടത്തുന്നത് ആരാധന തന്നെയാണോ എന്നാണ് ആദ്യം നോക്കേണ്ടത്. ഇക്കാര്യത്തില്‍ പരിഷ്കാരം വരുമ്പോള്‍ മറ്റ് കാര്യങ്ങളിലുള്ള പരിഷ്കാരങ്ങള്‍ പിന്നാലേ വന്നുകൊള്ളും.


ഉള്ളടക്കം 

No comments:

Post a Comment