മനുഷ്യനു വേണ്ടിയുള്ള ആരാധന

"വഴിപാടു നിവര്‍ത്തിക്കുക എന്നു നാം താല്പര്യമില്ലാതെ ചെയ്യുന്ന ചില കര്‍മങ്ങളെ വിശേഷിപ്പിക്കാറുണ്ടല്ലോ. അന്യവല്‍കൃതമായ പ്രതീകങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന എല്ലാ ആരാധനകളും വഴിപാടു നിവര്‍ത്തിക്കലാണ്. നമ്മുടെ കുര്‍ബാനയ്ക്ക് സഭവിക്കാവുന്നതും കുറേയൊക്കെ സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ അപകടം ഇതാണ്."
നമ്മുടെ ആരാധനക്ക് സംഭവിക്കാവുന്ന അപകടത്തെപ്പറ്റി വന്ദ്യനായ കെ.എം. ജോര്‍ജ്ജച്ചന്‍ വിശുദ്ധ കുര്‍ബാനയും പ്രതീകശക്തിയും എന്ന ലേഖനത്തില്‍ ഇങ്ങനെ നമ്മെ ഓര്‍മിപ്പിക്കുന്നു
ഇതിനെ ഉദാഹരിക്കുന്ന രസകരമായ ഒരു കഥ ഓര്‍മയിലെത്തുന്നു. ഞാന്‍ വളരെ ആദരിക്കുന്ന ഒരു വന്ദ്യ വൈദികനില്‍ നിന്നാണ് ഈ കഥ ഞാന്‍ കേട്ടത്. പണ്ട് പണ്ട് ഒരിടത്ത് ഒരു അറിയപ്പെടുന്ന വൈദ്യനുണ്ടായിരുന്നു. അദ്ദേഹം ഉണ്ടാക്കുന്ന മരുന്നുകള്‍ വളരെ ഫലപ്രദമാണെന്ന് ആളുകള്‍ അനുഭവിച്ചറിഞ്ഞിരുന്നു. പ്രായമായി മരണത്തോടടുത്തപ്പോള്‍ അദ്ദേഹം ഉണ്ടാക്കിയിരുന്ന മരുന്നുകളുടെ ചേരുവകളും ഉണ്ടാക്കുന്ന വിധവും അടുത്ത തലമുറയ്ക്ക് വേണ്ടി കുറിച്ചു വച്ചു. താമസിയാതെ അദ്ദേഹം കടന്നു പോയി. തലമുറകള്‍ മാറി മാറി വന്നു. അദ്ദേഹം എഴുതി വച്ചിട്ടു പോയ കുറുപ്പടി വച്ചു അദ്ദേഹത്തിന്‍റെ ഒരു കൊച്ചുമകന്‍ ഒരു മരുന്ന് ഉണ്ടാക്കാന്‍ തുടങ്ങി. ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞിരിക്കുന്നു. ഒന്നാമതായി പൂച്ചയെ പിടിച്ച് കൊട്ടക്കീഴില്‍ അടയ്ക്കണം. വീട്ടില്‍ പൂച്ചയില്ല. എന്തു ചെയ്യും? അയാള്‍ അധികം ആലോചിച്ചു നിന്നില്ല. അയല്‍ വീട്ടില്‍ പോയി ഒരു പൂച്ചയെ കൊണ്ടുവന്നു കൊട്ടക്കീഴില്‍ അടച്ചു വച്ചു. ഇതൊക്കെ കണ്ടു കൊണ്ട് മുറ്റത്ത് നിന്നിരുന്ന ഒരു വയോധികന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: കുഞ്ഞേ, മരുന്നില്‍ പൂച്ചയുടെ രോമം വീഴാതിരിക്കാനാ പൂച്ചയെ പിടിച്ച് അടച്ചു വയ്ക്കണം എന്നു വൈദ്യന്‍ എഴുതി വച്ചത്. അത് എഴുതിയ സമയത്ത് ഇവിടെ പൂച്ചകള്‍ ഉണ്ടായിരുന്നിരിക്കണം. ഇപ്പോള്‍ ഇവിടെ പൂച്ച ഇല്ലാത്ത സ്ഥിതിക്ക് പൂച്ചയെ അടയ്ച്ചു വയ്ക്കണം എന്നു പറഞ്ഞിരിക്കുന്നതിന് ഇപ്പോള്‍ പ്രസക്തിയില്ല.
പൂര്‍വികരില്‍ നിന്നു ധാരാളം ആചാരങ്ങളും അനുഷ്ഠാനങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്. രോഗത്തിന് മരുന്ന് എന്നപോലെ ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും ഗുണകരമാണ് നമുക്ക് ലഭിച്ചിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍. എന്നാല്‍ പലപ്പോഴും നാം അവ ആക്ഷരികമായി ചെയ്തു പോരുന്നു. എന്തിന് വേണ്ടി എന്നു ചിന്തിക്കുന്നതേയില്ല. നമ്മുടെ പൂര്‍വികര്‍ അത് ചെയ്തു, അവര്‍ അങ്ങനെ എഴുതി വച്ചിരിക്കുന്നു, അതുകൊണ്ടു നമ്മളും ചെയ്യുന്നു എന്നതില്‍ കവിഞ്ഞു പലപ്പോഴും നമുക്ക് കാരണമൊന്നും പറയാനില്ല.
നമ്മുടെ പൂര്‍വികരുടെ ജീവിതസാഹചര്യങ്ങളില്‍ നിന്നു പല കാര്യങ്ങളിലും വ്യത്യസ്തമാണ് ഇന്നത്തെ നമ്മുടെ ജീവിത സാഹചര്യങ്ങള്‍. മാറിയ ജീവിതസാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ അവര്‍ രൂപം കൊടുത്ത ആചാരാനുഷ്ഠാനങ്ങള്‍ അതേപടി നാം അനുവര്‍ത്തിച്ചാല്‍ അയല്‍പക്കത്ത് നിന്നും പൂച്ചയെ കൊണ്ട് വന്നു കൊട്ടക്കീഴില്‍ അടച്ച ആളുടെ മണ്ടത്തരമാവും അത്. അന്ന് പ്രസക്തിയുണ്ടായിരുന്ന പല കാര്യങ്ങള്‍ക്കും ഇന്ന് പ്രസക്തിയില്ല എന്നു നാം മനസിലാക്കണം. അതുപോലെ അന്ന് പ്രസക്തിയില്ലാതിരുന്ന പല കാര്യങ്ങള്‍ക്കും ഇന്ന് പ്രസക്തിയുണ്ട് എന്നും നാം മനസിലാക്കണം.
യേശുതമ്പുരാന്‍റെ കാലത്തെ ശബത്താചരണം ഇതിന്‍റെ നല്ല ഒരു ഉദാഹരണമാണ്. ആഴ്ചയില്‍ ആറു ദിവസം അധ്വാനിച്ചിട്ടു ഒരു ദിവസം വിശ്രമിക്കണം എന്നതായിരുന്നു ശബത്താചരണനിയമം. ശരീരമനസുകളുടെ ആരോഗ്യത്തിന് വിശ്രമം അത്യാവശ്യമാണ് എന്ന തിരിച്ചറിവായിരിക്കണം ഈ ആചാരത്തിന്‍റെ ഉല്‍പത്തിക്ക് കാരണമായത്. മോശയുടെ കാലത്ത് സമൂഹത്തിലെ ഉപരിവര്‍ഗത്തിന്‍റെ മാത്രം അവകാശമായിരുന്നു ഈ വിശ്രമം. എന്നാല്‍ മോശ എല്ലാ മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും വിശ്രമം അനുവദിച്ചുകൊണ്ടു ശബത്താചരണം പുനര്‍നിര്‍വചിച്ചു. യേശുതമ്പുരാന്‍റെ കാലത്ത് ശബത്താചരത്തിന്‍റെ അര്‍ഥമോ ഉദ്ദേശമോ കണക്കിലെടുക്കാതെ ആക്ഷരീകമായ ശബത്തനുഷ്ഠാനം സമൂഹത്തിലെ ഉപരിവര്‍ഗത്തിന് ഭൂരിപക്ഷം വരുന്ന സാധാരണജനത്തെ പീഢിപ്പിക്കാനുള്ള ഒരു ഉപാധിയായി പരിണമിച്ചു. ശബത്തില്‍ ഒരു രോഗിയെ സുഖമാക്കാന്‍ പാടില്ല എന്നു അവര്‍ ശഠിച്ചു. അത് ജോലി ചെയ്യലായിപ്പോകുമത്രേ. നിങ്ങളുടെ ഒരു വളര്‍ത്തുമൃഗം ശബത്ത് നാളില്‍ കിണറ്റില്‍ വീണു പോയാല്‍ അതിനെ കരകയറ്റാന്‍ അടുത്ത ദിവസം വരെ കാത്തിരിക്കുമോ എന്ന യേശുവിന്‍റെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു. ഒരു മൃഗത്തോടു കാണിക്കുന്ന കരുതലെങ്കിലും മനുഷ്യനോടു വേണ്ടേ എന്നായിരുന്നു ആ ചോദ്യത്തിന്‍റെ അര്‍ഥം. മനുഷ്യന്‍ ശബത്തിന് വേണ്ടിയല്ല, മറിച്ച് ശബത്ത് മനുഷ്യനു വേണ്ടിയാണ് എന്നു യേശു പ്രഖ്യാപിച്ചു.
നാം പൂര്‍വികരില്‍ നിന്നും പ്രാപിച്ചിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ വിലയില്ലാത്തതാണെന്നോ ഉപേക്ഷിച്ചു കളയണമെന്നോ അല്ല ഇവിടെ പറഞ്ഞു വരുന്നത്. അവ അമൂല്യമാണെന്നതില്‍ രണ്ടു പക്ഷമില്ല. എന്നാല്‍ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാതെ അവ ആചരിക്കുമ്പോള്‍ അവ നന്മയ്ക്ക് പകരം തിന്മയ്ക്ക് കാരണമാകും. ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യനു വേണ്ടിയാണ്; അല്ലാതെ മനുഷ്യന്‍ അവയ്ക്കു വേണ്ടിയല്ല.
എന്തിന് വേണ്ടിയാണ് നിങ്ങള്‍ ഒരു കടയില്‍ പോകുന്നത് അല്ലെങ്കില്‍ എന്തിന് വേണ്ടിയാണ് നിങ്ങള്‍ സ്കൂളില്‍ പോകുന്നത് എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ നമുക്ക് വ്യക്തമായ ഒരു മറുപടി പറയാന്‍ കാണും. അത് പോലെ വ്യക്തമായ ഒരു മറുപടി എന്തിന് വേണ്ടിയാണ് നിങ്ങള്‍ ദേവാലയത്തില്‍ പോകുന്നത് അല്ലെങ്കില്‍ എന്തിന് വേണ്ടിയാണ് നിങ്ങള്‍ ആരാധനയില്‍ സംബന്ധിക്കുന്നത് എന്ന ചോദ്യത്തിന് നമുക്ക് നല്‍കാനില്ല. നമ്മില്‍ പലരും പതിവായി ദേവാലയത്തില്‍ പോകുന്നതിനും ആദിയോടന്തം ആരാധനയില്‍ സംബന്ധിക്കുന്നതിനും മടി കാണിക്കുന്നതിന്‍റെ ഒരു കാരണം ഇതാവാം. എന്തിന് വേണ്ടിയാണ് ആരാധനയില്‍ സംബന്ധിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം മനസില്‍ ഉണ്ടെങ്കിലേ വേണ്ടപോലെ ആരാധിക്കുവാന്‍ നമുക്ക് സാധിക്കൂ. എന്തിന് വേണ്ടിയാണ് പൂച്ചയെ കൊട്ടക്കീഴില്‍ അടയ്ക്കുന്നതു എന്നറിയാതെ കുറുപ്പടിയില്‍ പറഞ്ഞിരിക്കുന്നതു അത് പോലെ ചെയ്യാന്‍ വ്യഗ്രത പൂണ്ടു ഓടി നടക്കുന്ന ആളെപ്പോലെ ആവരുത് നാം.

ഗ്രന്ഥസൂചിക
ജോര്‍ജ്, ഫാദര്‍ കെ. എം. (2009) ജീവന്‍റെ വിസ്മയം. കോട്ടയം: എം..സി.പബ്ലിക്കേഷന്‍സ്


ഉള്ളടക്കം 

No comments:

Post a Comment